കൊച്ചി : ദില്ലിയിലെ വിദ്യാര്‍ഥി സമരത്തെക്കുറിച്ച് അഭിപ്രായം പങ്കുവച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പേളി മാണിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. രണ്ട് ഭാഗങ്ങളും ബാലന്‍സ് ചെയ്ത് എങ്ങും തൊടാതെയുള്ള പ്രതികരണമാണ് നടത്തിയത് എന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഇതില്‍ പേളിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. നാളെ പേളിയുടെ മക്കള്‍ കൂടി അനുഭവിക്കേണ്ട ചില കാര്യങ്ങള്‍ക്കു വേണ്ടിയാണ് ദില്ലിയില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കാവിയാണ് തന്റെ ഇഷ്ടനിറമെന്ന് പേളി പറഞ്ഞതിന് കാരണമുണ്ടെന്നും. “പേളി മാണിയുടെ സ്റ്റേറ്റ്മെന്റ് നോക്കൂ. എന്തൊരു നിരുത്തരവാദപരമായ സ്റ്റേറ്റ്മെന്റ് ആണ് പേളി പറഞ്ഞത്. പേളിക്ക് രണ്ട് കുട്ടികളുണ്ട്. നാളെ പേളിയുടെ മക്കളും അനുഭവിക്കേണ്ട ഒരു അവസ്ഥ വരാതിരിക്കാനാണ് ഈ കുട്ടികൾ സമരം ചെയ്തത്. അതുപോലും മനസിലാകാതെ വീട്ടിൽ പോ പിള്ളരെ എന്ന് പറയുന്നത് രാഷ്ട്രബോധവും സാമൂഹിക ബോധവും ഇല്ലാത്തതു കൊണ്ടാണ്. ഇതെല്ലാത്തിനും അപ്പുറം ഒന്നിനെക്കുറിച്ചും ഒരു ബോധമില്ല എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. പേളിയെ എനിക്ക് നന്നായിട്ട് അറിയാം. എനിക്ക് ഇഷ്ടമുള്ള കുട്ടിയാണ്, നല്ല കുട്ടിയാണ്, അതൊക്കെ ശരിയാണ്. പക്ഷേ ചില കാര്യങ്ങളിൽ നമുക്ക് ചില ബോധം വേണം പേളി. എന്താണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്, ആരാണ് ശരി, ആരാണ് തെറ്റ് എന്നൊക്കെ നമ്മള് മനസിലാക്കണം. ഇത് നമ്മൾ ദൈനംദിനം വാർത്തകൾ കണ്ടും പത്രം വായിച്ചും അല്ലെങ്കിൽ ചരിത്രം പഠിച്ചും മാത്രമേ നമുക്ക് മനസിലാവൂ”, ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.
പേളിയെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
