കൊല്ലം: ജോലി വാഗ്ദാനം നൽകി ലഹരി കടത്ത് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് എട്ടു വർഷമായി മലേഷ്യൻ ജയിലിൽ കഴിയുന്ന മൂന്ന് മലയാളി യുവാക്കൾ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് രംഗത്ത്. കൊല്ലം പേരയം സ്വദേശികളായ ഉമറുൽ ഫാറൂഖ്, സിയാദ്, സബീർ എന്നിവരാണ് മലേഷ്യൻ ജയിലിൽ കഴിയുന്നത്.
2018-ലാണ് ബന്ധുവഴി മലേഷ്യയിലെ ഒരു കെമിക്കൽ ഫാക്ടറിയിൽ ജോലി വാഗ്ദാനം ലഭിച്ചത്. ടിക്കറ്റും വിസയും സൗജന്യമായി നൽകിയതിനെ തുടർന്ന് മലേഷ്യയിലെത്തിയ യുവാക്കൾ ആദ്യ രണ്ട് മാസം ജോലി ചെയ്ത ശേഷമാണ് അത് കെമിക്കൽ ഫാക്ടറിയല്ല, ലഹരി ഉൽപാദന കേന്ദ്രമാണെന്ന് തിരിച്ചറിഞ്ഞതെന്ന് കുടുംബം പറയുന്നു. തുടർന്ന് ഇവരെ മുറിയിൽ പൂട്ടിയിടുകയും പിന്നീട് മലേഷ്യൻ പോലീസിന്റെ പിടിയിലാക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ട് വിദേശ ജോലി വാഗ്ദാനം നൽകി ലഹരി മാഫിയ കുടുക്കുകയാണെന്നും, നിരപരാധികളായ തങ്ങളെ മലേഷ്യൻ ജയിലിൽ നിന്ന് മോചിപ്പിച്ച് ജീവിതം തിരിച്ചുനൽകണമെന്നുമാണ് യുവാക്കളുടെ അഭ്യർഥന. ആദ്യഘട്ടത്തിൽ നിയമസഹായത്തിനായി കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ജീവന് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കുടുംബം പിൻവാങ്ങിയിരുന്നു. പിന്നീട് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുടുംബം ഇന്ത്യൻ എംബസിയെയും സമീപിച്ചെങ്കിലും ലഹരിക്കേസുമായി ബന്ധപ്പെട്ടതിനാൽ ഇടപെടാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും രണ്ടാഴ്ച മുമ്പ് പരാതി നൽകിയിട്ടുണ്ട്.
