ഡാളസ്: സെമി ഫൈനലിൽ സ്പെയിനോട് തോറ്റ് ഫ്രാൻസിന്‍റെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നങ്ങൾ തകർന്നടിഞ്ഞെങ്കിലും, അവരുടെ ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ പോരാട്ടം അവസാനിച്ചിട്ടില്ല. ഫ്രാൻസിന്‍റെ കിരീട മോഹങ്ങൾ അവസാനിച്ചെങ്കിലും, ടൂർണമെന്‍റിലെ ടോപ്പ് സ്കോറർക്കുള്ള ‘ഗോൾഡൻ ബൂട്ട്’ പുരസ്കാരത്തിനായുള്ള എംബാപ്പെയുടെ പോരാട്ടം ഇനിയും സജീവമാണ്. നിലവിൽ 8 ഗോളുകളുമായി എംബാപ്പെ തന്നെയാണ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നിൽ. അർജന്‍റീന നായകൻ ലിയോണൽ മെസിക്കും 8 ഗോളുകളുണ്ട്. അസിസ്റ്റുകളുടെ എണ്ണത്തിൽ മുന്നിലുള്ളതിനാലാണ് (എംബാപ്പെ 3, മെസി 2) എംബാപ്പെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ 6 ഗോളുകളുമായി ഇരുവര്‍ക്കും തൊട്ടുപിന്നിലുണ്ട്. അർജന്‍റീന-ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരഫലം ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും നിർണായകമാകും. ഫ്രാൻസിന് ഇനി ശനിയാഴ്ച മിയാമിയിൽ നടക്കുന്ന ലൂസേഴ്സ് ഫൈനൽ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ സെമിയിൽ ജയിക്കുന്ന ടീമിലെ താരങ്ങൾക്ക് ഫൈനൽ ഉൾപ്പെടെ രണ്ട് മത്സരങ്ങൾ കൂടി ലഭിക്കുമെന്നത് എംബാപ്പെക്ക് വലിയ വെല്ലുവിളിയാണ്.



