ഒപ്പേറഷൻ തൂഫാൻ; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു. കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകളാണ്. 296 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റിലായവരില്‍ നിന്നും എംഡിഎംഎ, കഞ്ചാവ് എന്നിവ പോലീസ് പിടിച്ചെടുത്തു.

പത്തനംതിട്ട ജില്ലയില്‍ ലഹരി വിതരണം നടത്തിയ സംഘത്തിലെ മുഖ്യ കണ്ണിയെ പന്തളം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് നൈജീരിയന്‍ പൗരനായ സാമുവേല്‍ ഡല്‍ഹിയില്‍ വച്ച് പന്തളം പോലീസിന്റെ പിടിയിലായത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കേന്ദ്രീകരിച്ച് ജില്ലയിലെ മറ്റ് ലഹരി ഇടപാടുകാരെ പിടികൂടുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞമാസം പതിനഞ്ചാം തീയതി പന്തളത്ത് വച്ച് രണ്ടുപേരെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം എത്തിയത് നൈജീരിയന്‍ പൗരനിലായിരുന്നു. പോലീസ് അറസ്റ്റുചെയ്തു സ്റ്റേഷനില്‍ എത്തിച്ച പ്രതി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുകയും, നെറ്റിയില്‍ സ്വയം മുറിവുണ്ടാക്കുകയും ചെയ്തു. അതേസമയം, നൈജീരിയന്‍ പൗരനുമായി ബന്ധപ്പെട്ട് ജില്ലയില്‍ മറ്റാരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു. പന്തളത്ത് എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാളുടെ ഭാര്യയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *