ഒരാഴ്ചയ്ക്കിടെ പതിനയ്യായിരത്തിലേറെ നിയമലംഘനങ്ങൾ

കുവൈത്ത് : കുവൈത്തിലെ റോഡുകളിലെ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന കടുത്ത സുരക്ഷാ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. സെക്ടർ തലവൻ ബ്രിഗേഡിയർ അബ്ദുള്ള അൽ അതീഖിയുടെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഒമർ അൽ സാരി, എമർജൻസി പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് അൽ ഹാജരി, അസിസ്റ്റന്‍റ് ബ്രിഗേഡിയർ ഹംലാൻ അൽ ഹംലാൻ എന്നിവരുടെ ഫീൽഡ് മേൽനോട്ടത്തിലാണ് വിവിധ ഗവർണറേറ്റുകളിൽ ഈ സുപ്രധാന ക്യാമ്പയിനുകൾ നടത്തിയത്.

കഴിഞ്ഞ ഒരാഴ്ചത്തെ പരിശോധനകളിൽ മാത്രം ആകെ 15,373 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. റോഡുകളിൽ അശ്രദ്ധമായും അപകടകരമായും വണ്ടിയോടിച്ച 33 പേരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 185 കാറുകളും 18 മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പ്രത്യേക ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് പിടിയിലായ 12 പ്രായപൂർത്തിയാകാത്ത കുട്ടികളെയും പിടികൂടി. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ പ്രൊസിക്യൂഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *