ഇടുക്കിയിൽ മഴ ശമിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇടുക്കി: ജില്ലയിൽ മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ജില്ലാ ഭരണകൂടം നീക്കി. കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നത്. കാലാവസ്ഥ വകുപ്പ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ തീരുമാനമായത്. അടുത്ത ദിവസങ്ങളിൽ ജില്ലയിലും സംസ്ഥാനത്തും പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് ഒന്നും തന്നെ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ കേരളത്തിന് ഭീഷണിയായി ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത രൂപപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ആഗസ്റ്റ് 12 ഓടെ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ ഈ മാസം 14 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *