ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ

ദോഹ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ. വിവിധ വിഷയങ്ങൾ ചർച്ചയായി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും പൊതു താൽപര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. അമീരി ദിവാനിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

അമീറിന്റെ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഒമാൻ സുൽത്താൻ നന്ദി അറിയിച്ചു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനും വിവിധ മേഖലകളിൽ സംയുക്ത പദ്ധതികൾ വ്യാപിപ്പിക്കാനുമുള്ള ഒമാന്റെ താത്പര്യം സുൽത്താൻ അമീറുമായി പങ്കുവച്ചു.കൂടിക്കാഴ്ചയിൽ ഖത്തറിന്റെ ഭാഗത്തു നിന്ന് ഉപപ്രധാനമന്ത്രി ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് അൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഒമാന്റെ ഭാഗത്തുനിന്ന് മസ്‌കത്ത് ഗവർണർ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സൈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *