റിയാദ്: ബംഗ്ലാദേശിലെ ധാക്കയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി റിയാദ് എയർ. റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പുതിയ റൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൗദിക്കും ബംഗ്ലാദേശിനുമിടയിലുള്ള യാത്രാസൗകര്യം വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിലെ സഹകരണം ശക്തമാക്കാനും പുതിയ സർവീസിലൂടെ കഴിയും. ബംഗ്ലാദേശിലേക്കുള്ള വിമാന സർവീസുകളുടെയും ഡെസ്റ്റിനേഷനുകളുടെയും എണ്ണം വർധിപ്പിക്കുന്നത് സൗദിയുടെ ദേശീയ വ്യോമയാന സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുന്നതിന് സഹായിക്കും.
കഴിഞ്ഞ ആഴ്ച പാകിസ്താനിലെ ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലേക്കും ഫിലിപ്പീൻസിലെ മനിലയിലേക്കും റിയാദ് എയർ പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു. റിയാദിൽ നിന്ന് തായ്ലന്റിലെ ബാങ്കോക്കിലേക്കുള്ള ടിക്കറ്റ് വിൽപനയും കമ്പനി ആരംഭിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ബാങ്കോക്കിലേക്ക് ഉണ്ടാവുക. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരിക്കും സർവീസ്. സെപ്റ്റംബർ 2 മുതൽ സർവീസുകൾ ആരംഭിക്കും. ഏഷ്യൻ മേഖലയിൽ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സമീപ ദിവസങ്ങളിൽ റിയാദ് എയർ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകൾ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.
