മെക്സിക്കോ സിറ്റി: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്‌ബിഐയുടെ ഏറ്റവും കൂടുതൽ തിരയുന്ന പത്ത് കുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്ലോറസ് പിടിയിൽ. ‘എൽ ചാപ്പോ ഇസിദ്രോ’ എന്നറിയപ്പെടുന്ന ഇയാളെ മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തുനിന്നാണ് സൈനിക നീക്കത്തിലൂടെ പിടികൂടിയത്. ആഴ്ചകളോളം നീണ്ട രഹസ്യാന്വേഷണവും ഡ്രോൺ നിരീക്ഷണവും അമേരിക്കൻ ഏജൻസികളുമായുള്ള ഏകോപനവുമാണ് നിർണായകമായത്.
നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഓപ്പറേഷൻ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മെക്സിക്കൻ സൈന്യവും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളും ആഴ്ചകളായി വിവരങ്ങൾ കൈമാറിയിരുന്നു. സംശയിക്കുന്ന പ്രദേശത്തിന് മുകളിൽ അമേരിക്ക ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. മെക്സിക്കൻ അധികൃതരുടെ അനുമതിയോടെയായിരുന്നു ഈ നിരീക്ഷണം.
ഇസിദ്രോയുടെ നീക്കങ്ങൾ, കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങൾ, ദൈനംദിന ജീവിതക്രമം എന്നിവ അന്വേഷണസംഘം നിരീക്ഷിച്ചു. ഫോൺ, റേഡിയോ ആശയവിനിമയങ്ങൾ തടഞ്ഞുകേട്ടതും ഡ്രോൺ ദൃശ്യങ്ങൾ വിശകലനം ചെയ്തതും ഇയാളുടെ ഒളിത്താവളം കണ്ടെത്താൻ സഹായിച്ചു. അമ്മ, ഭാര്യ, സഹോദരി എന്നിവരുമായി കൈമാറിയ സന്ദേശങ്ങൾ പരിശോധിച്ച് ഇയാൾ പങ്കെടുക്കാനിടയുള്ള കൂടിക്കാഴ്ചകളും അന്വേഷണസംഘം തിരിച്ചറിഞ്ഞു.
സിനലോവയിലെ ഗ്വാസാവെ നഗരത്തിൽ കാർട്ടൽ ശക്തമായ സ്വാധീനമുള്ളതിനാൽ നേരിട്ടുള്ള നീക്കം അപകടകരമായിരുന്നു. അതിനാൽ മറ്റൊരു നഗരമായ ലോസ് മോച്ചിസിൽ വഴിതിരിച്ചുവിടൽ നീക്കം നടത്തിയെന്നാണ് റിപ്പോർട്ട്. മെക്സിക്കൻ സൈന്യത്തിന്റെ പ്രത്യേക സേനയിലെ ഇരുപതിലധികം അംഗങ്ങൾ രഹസ്യമായി ഗ്വാസാവെയിലേക്ക് കടന്നു. രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും സൈനിക നീക്കത്തിന് പിന്തുണ നൽകി. ഏറ്റുമുട്ടലിനൊടുവിൽ ഇസിദ്രോയെ പിടികൂടി. ഇയാളുടെ അടുത്ത സഹായികളായ ജർമൻ റൊളാണ്ടോ ഗാൽവസ് മെസ എന്ന ‘എൽ സെറാഫിൻ’, മറ്റൊരു സാമ്പത്തിക ഇടപാടുകാരൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു.
പിടിയിലായ മൂന്നുപേരെയും മെക്സിക്കൻ വ്യോമസേനയുടെ വിമാനത്തിൽ മെക്സിക്കോ സിറ്റിയിലെത്തിച്ച് അന്വേഷണ ഏജൻസികൾക്ക് കൈമാറി. എന്നാൽ സൈനിക നടപടിക്കിടെ സുരക്ഷാസേനയ്ക്കു നേരെ വെടിവെപ്പും സ്ഫോടകവസ്തു ആക്രമണവും ഉണ്ടായതായി അധികൃതർ അറിയിച്ചു.
രണ്ടു പതിറ്റാണ്ടിലേറെയായി ഹെറോയിൻ, മെത്താംഫെറ്റമിൻ, കൊക്കെയ്ൻ, കഞ്ചാവ്, ഫെന്റനിൽ തുടങ്ങിയ മയക്കുമരുന്നുകൾ അമേരിക്കയിലേക്ക് കടത്തിയെന്നാണ് ഇസിദ്രോയ്ക്കെതിരായ ആരോപണം. ബെൽട്രാൻ ലെയ്‌വ കാർട്ടലിന്റെ പ്രധാന നേതാക്കളിലൊരാളായ ഇയാളുടെ സംഘത്തിന് തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലും പങ്കുണ്ടെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസികളുടെ ആരോപണം. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ വരെ പാരിതോഷികവും എഫ്‌ബിഐ പ്രഖ്യാപിച്ചിരുന്നു.
ഇസിദ്രോയുടെ അറസ്റ്റിനു പിന്നാലെ സിനലോവയിൽ വ്യാപക അക്രമസംഭവങ്ങളുണ്ടായി. റോഡുകളിൽ വാഹനങ്ങൾ കത്തിക്കുകയും ഉപരോധങ്ങൾ സൃഷ്ടിക്കുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതോടെ പ്രദേശവാസികളോട് വീടുകളിൽ തുടരാനും ബാധിത റോഡുകൾ ഒഴിവാക്കാനും അധികൃതർ നിർദേശം നൽകി.
അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള രഹസ്യാന്വേഷണ സഹകരണത്തിന്റെ നിർണായക വിജയമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.
