ഒമാനിൽ നാളെ മുതൽ 3 മാസത്തെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

മസ്കത്ത്: ഒമാനിൽ കടുത്ത വേനൽക്കാലം ആരംഭിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നിർബന്ധിത ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ തുറസ്സായ സ്ഥലങ്ങളിലും നിർമാണ മേഖലകളിലും നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മെയ് 31 ഞായറാഴ്ചയാണ് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വേനൽക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽ, പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഉണ്ടാകാനിടയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സൂര്യാഘാതവും ഒഴിവാക്കാനാണ് ഒമാൻ സർക്കാർ വർഷംതോറും ഈ നിയമം നടപ്പിലാക്കുന്നത്. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഒമാന്റെ തൊഴിൽ സുരക്ഷാ നിയമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *