പാലക്കാട് എംഎൽഎ രമേഷ് പിഷാരടിയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു; 111 ദിന കർമ്മപരിപാടി പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് എംഎൽഎ രമേഷ് പിഷാരടിയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. മണപ്പുള്ളിക്കാവ് ദുർഗാ നഗർ സ്ട്രീറ്റ്–1 ലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. വി.കെ. ശ്രീകണ്ഠൻ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ എംഎൽഎ 111 ദിന കർമ്മപരിപാടിയും പ്രഖ്യാപിച്ചു. ഇന്ന് മുതൽ 111 ദിവസത്തിനുള്ളിൽ നിയോജകമണ്ഡലത്തിൽ പൂർത്തിയാക്കേണ്ടതും ആരംഭിക്കേണ്ടതുമായ പദ്ധതികൾ, മുടങ്ങിക്കിടക്കുന്ന വികസന പ്രവർത്തനങ്ങളിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കൽ എന്നിവ കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് രമേഷ് പിഷാരടി അറിയിച്ചു.

മുൻ എംഎൽഎമാർ ആരംഭിച്ച വികസന പദ്ധതികൾക്ക് മുൻഗണന നൽകി അവ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 111 പദ്ധതികൾ 111 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യമെന്നും എംഎൽഎ വ്യക്തമാക്കി.

എംഎൽഎയായി അനുവദിച്ച ആദ്യ ഫണ്ട് പിരായിരി പഞ്ചായത്തിലെ മെട്രോ നഗർ കുടിവെള്ള പദ്ധതിക്കായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കർമ്മപരിപാടിയുടെ ഭാഗമായി കണ്ണാടി പഞ്ചായത്ത് ഓഡിറ്റോറിയം, പിരായിരി പഞ്ചായത്ത് ഓഡിറ്റോറിയം, പിരായിരി നടപ്പാത, കണ്ണനൂർ–ചുങ്കമന്നം റോഡ് എന്നിവയുടെ നിർമാണം പൂർത്തിയാക്കും. മോയൻസ് ഡിജിറ്റലൈസേഷൻ, പാലക്കാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കൽ, കെഎസ്ആർടിസിയുടെ സിറ്റി ബസ് സർവീസ് ആരംഭിക്കൽ എന്നിവയ്ക്കും മുൻകൈയെടുക്കുമെന്ന് എംഎൽഎ അറിയിച്ചു.

നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് പഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലും എംഎൽഎ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. പരാതികൾ മുൻകൂട്ടി സ്വീകരിക്കുന്നതിന് എംഎൽഎ ഓഫീസിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സൗകര്യം ഒരുക്കും.

പിരായിരി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനും പാലക്കാട്ടെ നെൽകർഷകർ നേരിടുന്ന സംഭരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിച്ചുചേർത്ത് നടപടി സ്വീകരിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

ചടങ്ങിൽ മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ, വൈസ് പ്രസിഡന്റ് സഫിയ അബു താഹിർ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഐയുഎംഎൽ ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, പി.വി. രാജേഷ്, എം.എം. ഹമീദ്, സി. ബാലൻ, മുജീബ്, സി.വി. സതീഷ്, പ്രിയ കുമാരൻ, സുധാകരൻ പ്ലക്കാട്ട്, സൈതലവി പൂളക്കാട്, എ.എ. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *