മൈക്കിൾ ഒലീസെയെ പ്രശംസിച്ച് ഫ്രഞ്ച് ഇതിഹാസം പാട്രിക് വിയേര. ഒരുകാലത്ത് ഫ്രാൻസിന് മിഷേൽ പ്ലാറ്റിനിയും സിദാനുമൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് ഒലീസെ ഉണ്ടെന്നുമാണ് വിയേര പറയുന്നത്. സമീപഭാവിയിൽ വിയേര ബാലൺ ഡി’ഓർ നേടാൻ സാധ്യതയുള്ള കളിക്കാരാനായും ഒലീസെയെ വിയേര വിലയിരുത്തുന്നു.
“ഫ്രാൻസിന് മിഷേൽ പ്ലാറ്റിനിയുണ്ടായിരുന്നു, സിനദിൻ സിദാനും ഉണ്ടായിരുന്നു. ഇപ്പോൾ മൈക്കൽ ഒലിസെയുണ്ട് എന്ന കാര്യത്തിൽ എനിക്ക് പൂർണ്ണവിശ്വാസമുണ്ട്. ഭാവിയിൽ ബാലൺ ഡി’ഓർ നേടുന്ന താരമായി അദ്ദേഹം ഉയരുമെന്ന് ഞാൻ കരുതുന്നു. ലോകഫുട്ബോളിലെ ഏറ്റവും വലിയ വേദികളിൽ തിളങ്ങാൻ ആവശ്യമായ എല്ലാ മികവുകളും ഒലിസെയ്ക്കുണ്ട്.” പാട്രിക് വിയേര പറയുന്നു. ഫ്രഞ്ച് നിരയിൽ മികച്ച പ്രകടനമാണ് മൈക്കിൾ ഒലീസെ പുറത്തെടുക്കുന്നത്. മൂന്ന് കളികളിൽ നിന്നും മൂന്ന് അസിസ്റ്റുകളാണ് താരം ഇതുവരെ നൽകിയത്. ഫ്രാൻസിന്റെ മുന്നേറ്റങ്ങളുടെ കുന്തമുന കൂടിയാണ് ബയേൺ മ്യൂണിക്കിന് വേണ്ടി സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒലീസെ.
റൈറ്റ് വിങ്ങർ പൊസിഷനിൽ ആണെങ്കിലും പരമാവധി മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുന്ന അറ്റാക്കിങ്ങ് മിഡ്ഫീൽഡർ റോളിലാണ് ഒലിസെയെ കഴിഞ്ഞ മത്സരങ്ങളിൽ കാണാൻ കഴിഞ്ഞത്. ഫ്രാൻസിൽ ഗ്രീസ്മാൻ ഒഴിച്ചിട്ടുപോയ വിടവ് നികത്താൻ ഒലിസെയ്ക്ക് സാധിക്കുമെന്നാണ് ഫ്രഞ്ച് ആരാധകർ വിലയിരുത്തുന്നത്.
