തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ വീണ്ടും നിയമകുരുക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ വിജയിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ഡിഎംകെ സ്ഥാനാർഥികളായ ആർ.ഡി ശേഖർ, എസ്. ഇനിഗോ ഇരുദയരാജ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ 2026 ഏപ്രിൽ 21ന് ചെന്നൈയിലെ വൈഎംസിഎ മൈതാനത്ത് നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൻ്റെ പാർട്ടിക്ക് വോട്ട് ചെയ്യാൻ വീട്ടിലെ മുതിർന്നവരോട് ആവശ്യപ്പെടണമെന്ന് വിജയ് കുട്ടികളോട് അഭ്യർഥിക്കുന്ന വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി ഹ‍ർജിക്കാർ കോടതിയിൽ തെളിവായി ഹാജരാക്കി. വോട്ട് ലഭിക്കാൻ വേണ്ടി കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമാണ് മുഖ്യമന്ത്രി ചെയ്തതെന്നാണ് ഹ‍ർജിക്കാരുടെ പ്രധാന ആരോപണം.

കൂടാതെ, കുട്ടികളെക്കൊണ്ട് പാർട്ടിയുടെ മഫ്‌ളർ അണിയിക്കുകയും, പോസ്റ്ററുകളും ലഘുലേഖകളും പിടിപ്പിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ 1951ലെ ജനപ്രാതിനിധ്യ നിയമത്തിനും ഇന്ത്യൻ ഭരണഘടനയ്ക്കും എതിരാണെന്ന് ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് 2024 ഫെബ്രുവരി 5ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണിതെന്നും, വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *