തിരുവനന്തപുരം: പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം. നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ആരോപണം. പ്രതിഷേധ പരിപാടികൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമ്മിക്കാൻ വിദേശ ഫണ്ടുവാങ്ങിയതിൽ ക്രമക്കേടില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പിച്ചത്.
വിദേശഫണ്ട് വാങ്ങിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ഇടത് സർക്കാറിൻ്റെ കാലത്തെ വിജിലൻസ് ഡയറക്ടറുടെ ശുപാർശയും യുഡിഎഫ് സർക്കാർ തള്ളി. സതീശനെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് സിപിഎം ആരോപണം. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനെ ലക്ഷ്യമിട്ട് പുനർജനിയിലെ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം വിടണമെന്ന വിജിലൻസ് ഡയറക്ടറുടെ ശുപാർശ പുറത്തുവന്നപ്പോഴായിരുന്നു സതീശൻ്റെ ഏറെ ചർച്ചയായ പ്രതികരണം.
