തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയപ്പോൾ കോൺഗ്രസ് നേതാക്കളോട് ഉടക്കിയവരും തെറിച്ചു. കഴിഞ്ഞദിവസമാണ് സംസ്ഥാനത്തെ 161 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയത്. പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്യാൻ നേതൃത്വം നൽകിയ ഡിവൈ.എസ്.പി എൻ. മുരളീധരനെയും കൊച്ചിയിൽ മുഹമ്മദ് ഷിയാസ് എം.എൽ.എയുമായി ഏറ്റുമുട്ടിയ ഡിവൈ.എസ്.പി എ.ജെ. തോമസിനെയും സ്ഥലംമാറ്റിയതാണ് രാഷ്ട്രീയ വിവാദത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് കാലത്ത് കോട്ടയം സ്പെഷൽ ബ്രാഞ്ചിലായിരുന്ന എ.ജെ. തോമസിനെ തിരിച്ച് എറണാകുളത്തക്ക് നിയമിക്കുന്നതിന് പകരം പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽനിന്ന് അർധരാത്രി അറസ്റ്റുചെയ്ത എൻ. മുരളീധരനെ തൃശൂർ കുന്നംകുളത്തുനിന്ന് കാസർകോട് ഇ.ഒ.ഡബ്ല്യു.വിലേക്കാണ് മാറ്റിയത്. നേരത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പാലക്കാട്ടുനിന്ന് തൃശൂരിലേക്ക് മാറ്റിയതായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് മറ്റു ജില്ലകളിലേക്ക് മാറ്റിയിരുന്ന ഉദ്യോഗസ്ഥരെ തിരികെ നിയമിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. മിക്കവർക്കും അവരുടെ സ്വന്തം ജില്ലകൾതന്നെ ലഭിച്ചപ്പോഴാണ് രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ ഇടപെട്ടവർക്ക് അപ്രതീക്ഷിത ഇടങ്ങളിലേക്ക് മാറ്റം ലഭിച്ചത്.
