ഐപിഎൽ ഫൈനലിന് മുൻപ് മുന്നറിയിപ്പുമായി ശ്രീകാന്ത്

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും അഹമ്മദാബാദിൽ ഏറ്റുമുട്ടാനിരിക്കെ, ആർസിബിക്ക് നിർണ്ണായക മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കരുതെന്നും, അഥവാ കളിപ്പിച്ചാൽ തന്നെ ഒരോവർ പോലും ബൗളിങ് നൽകരുതെന്നും ശ്രീകാന്ത് യുട്യൂബ് വിഡിയോയില്‍ ആവശ്യപ്പെട്ടു. ഈ സീസണിൽ 1.5 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കിയ ഷെപ്പേർഡ് ബൗളിങ്ങിൽ കടുത്ത പരാജയമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ഈ സീസണിൽ ആർസിബിയുടെ ഫൈനൽ പ്രവേശനത്തിനിടയിലും ബൗളിങ് നിരയിലെ ഏറ്റവും ദുര്‍ബല കണ്ണി ഷെപ്പേർഡ് ആയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് വെറും 7 വിക്കറ്റ് മാത്രമാണ് വിന്‍ഡീസ് താരം നേടിയത്. ശരാശരി 42.57 ആണെങ്കിൽ, എക്കോണമി റേറ്റ് 12-ന് അടുത്താണ്. ഈ സാഹചര്യത്തിലാണ് ശ്രീകാന്ത് ആര്‍സിബിക്ക് മുന്നറിയിപ്പുമായി എത്തിയത്. ഇന്നത്തെ മത്സരത്തിൽ ആർസിബി തോൽക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ, റൊമാരിയോ ഷെപ്പേർഡിനെക്കൊണ്ട് മൂന്ന് ഓവർ ബൗള്‍ ചെയ്യിക്കുക. അവൻ മൂന്ന് ഓവർ എറിഞ്ഞാൽ ആർസിബിയുടെ കൈയിൽ നിന്ന് കളി പോകും. അവനെക്കൊണ്ട് പന്തെറിയിക്കരുതെന്ന് മാത്രമല്ല, ഫൈനൽ ഇലവനിൽ പോലും ഷെപ്പേർഡിനെ ഉൾപ്പെടുത്തരുതെന്നും ശ്രീകാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *