കൊച്ചി: സ്വതന്ത്ര തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ പോലീസ് സംരക്ഷണംതേടി കണ്ണൂർ തളിപ്പറമ്പ് നിയോജകമണ്ഡലം യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സർക്കാരിന്റെയും വിശദീകരണം തേടി. ഗോവിന്ദന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മണ്ഡലത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാരും കമ്മിഷനും അറിയിച്ചു. ഇതിന്റെ വിശദാംശം നൽകാൻ നിർദേശിച്ച കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
ക്രമസമാധാനം ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ടല്ലോയെന്നും എല്ലാ സ്ഥാനാർഥികളും ഇങ്ങനെ ഹർജിനൽകിയാൽ എന്തുചെയ്യുമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. സി.പി.എം. വിട്ടുവന്ന തനിക്കും അനുകൂലിക്കുന്ന വോട്ടർമാർക്കും എൽ.ഡി.എഫ്. പ്രവർത്തകരിൽനിന്ന് ഭീഷണിയുണ്ടെന്ന് ഹർജിയിൽ പറയുന്നു. ക്രമക്കേടിനുള്ള സാധ്യത ഉന്നയിച്ച് നാദാപുരം മണ്ഡലം യു.ഡി.എഫ്. പോളിങ് ഏജന്റ് കെ.എം. രഘുനാഥ് സമർപ്പിച്ച ഹർജിയും ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
