‘ദൃശ്യം 3’ ന്‍റെ മൂഡ് സെറ്റ് ചെയ്ത് ആദ്യ ഗാനം എത്തി

കൊച്ചി : മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ നിലവില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ദൃശ്യം 3. അതിന്‍റെ കാരണം എല്ലാവര്‍ക്കും പറയാതെതന്നെ അറിയാം. മലയാളത്തിനൊപ്പം മെയ് 21 ന് തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. ഈ ഭാഷകളിലെല്ലാം മുന്‍ പതിപ്പുകള്‍ റീമേക്ക് ആയാണ് എത്തിയിരുന്നത്. നേരത്തെ പുറത്തെത്തിയ ടീസറിനും ട്രെയ്‍ലറിനുമൊക്കെ വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇനി വരുമോ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എവുജിന്‍ ആണ് ആലാപനം.

ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് തൊട്ട് അയല്‍പക്കത്തുള്ള ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാനിറങ്ങിത്തിരിച്ച ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് എത്തിയത്. എത്ര പ്രതിസന്ധികളുണ്ടായാലും കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ. മൂന്നാം ഭാഗത്തെ മുന്നോട്ട് നയിക്കുന്നതും ജോര്‍ജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങള്‍ ആയിരിക്കും. ദൃശ്യത്തിൽ നിന്നും ദൃശ്യം 3 ൽ എത്തുമ്പോൾ പിന്നിട്ട കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമാവുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *