‘അതിരടി’യില്‍ സഞ്ജു ചെയ്യേണ്ടിയിരുന്ന റോള്‍ ഏത്?

കൊച്ചി : മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകത്തോടെ കാണാറുള്ള സൗഹൃദമാണ് ക്രിക്കറ്റര്‍ സഞ്ജു സാംസണും സംവിധായകനും നടനുമായ ബേസില്‍ ജോസഫും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള അഭിമുഖമൊക്കെ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബേസില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച അതിരടി എന്ന ചിത്രത്തിന്‍റെ ചെന്നൈയില്‍ നടന്ന തമിഴ് ട്രെയ്ലര്‍ ലോഞ്ച് ആയിരുന്നു വേദി. സഞ്ജു സാംസണ്‍ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. അവതാരകയുടെ രസകരമായ ചോദ്യങ്ങള്‍ക്ക് അതിലും രസകരമായ മറുപടികളാണ് ഇരുവരും പറഞ്ഞത്. വീഡിയോ തമിഴ് സിനിമാപ്രേമികള്‍ക്കിടയിലും ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും വൈറല്‍ ആവുകയാണ്.

ചിത്രത്തിന്‍റെ തമിഴ് ട്രെയ്‍ലര്‍ ലോഞ്ചിന് ശേഷം ചിത്രം തമിഴില്‍ കാണാനാണോ മലയാളത്തില്‍ കാണാനാണോ ഇഷ്ടപ്പെടുന്നതെന്നായിരുന്നു അവതാരകയുടെ ചോദ്യം. രണ്ട് ഭാഷയിലും കാണുമെന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. “ആദ്യം മലയാളത്തിലും പിന്നെ തമിഴിലും കാണണം. ശരിക്കും കണ്ട് വിലയിരുത്തണം. എന്‍റെ ഓരോ മാച്ച് കഴിഞ്ഞും ഇവന്‍ എന്നെ വിളിക്കും. നീ ആ ഷോട്ട് കളിച്ചത് ശരിയായില്ല എന്നൊക്കെ പറയും. അപ്പോള്‍ ഇവന്‍റെ സിനിമ കണ്ട് ഞാനും കമന്‍റ് പറയണം”, പൊട്ടിച്ചിരികള്‍ക്കിടെ സഞ്ജു പറഞ്ഞു. സഞ്ജുവിനായി അതിരടിയില്‍ ഒരു വേഷം മാറ്റിവച്ചിരുന്നുവെന്ന് നേരത്തെ ബേസില്‍ പറഞ്ഞിരുന്നു. ഇത് എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന ചോദ്യത്തിന് അത് ചെറിയ റോള്‍ ആയതുകൊണ്ടാണെന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി.

“ചെറിയ റോളാണ് തന്നത്. തരുമ്പോള്‍ കുറച്ച് വലിയ റോള്‍ തരൂ എന്ന് ഞാന്‍ പറഞ്ഞു”, സഞ്ജുവിന്‍റെ വാക്കുകള്‍. എന്നാല്‍ സഞ്ജുവിന് വച്ചിരുന്നത് ഒരു മാസ് റോള്‍ തന്നെ ആയിരുന്നുവെന്ന് ബേസിലും പ്രതികരിച്ചു. “ഇതും മാസ് റോള്‍ ആയിരുന്നു. ഒരു ഓട്ടോ ഡ്രൈവറുടെ റോള്‍. ആ ഓട്ടോയുടെ പേര് സിക്സര്‍ എന്നായിരുന്നു”, ബേസില്‍ പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇവിടെ തമിഴ്നാട്ടില്‍ മാസ് ആയിരുന്നല്ലോ എന്നായിരുന്നു രജനികാന്തിന്‍റെ സിഗ്നേച്ചര്‍ സ്റ്റൈല്‍ കാണിച്ചുകൊണ്ട് സഞ്ജുവിന്‍റെ പ്രതികരണം. പരിപാടിക്ക് എത്തിയത് ബേസിലുമായുള്ള സൗഹൃദം കൊണ്ടാണെന്നും സഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *