നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. പുനരന്വേഷണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് നിലപാട് പറയേണ്ടി വന്നാല്‍ പറയും. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
എല്ലാ കാലത്തും യുഡിഎഫിന്റെ നിലപാട് അതിജീവിതയ്‌ക്കൊപ്പമെന്നും അദ്ദേഹം പറഞ്ഞു. പുനരന്വേഷണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് അഭിപ്രായം പറയേണ്ടതായി വരികയാണെങ്കില്‍ അതിജീവിതയോടൊപ്പമാണ് ഞങ്ങളുടെ നിലപാട്. അത് മുന്‍പും പറഞ്ഞിട്ടുള്ളതാണ്. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടത് ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അദ്ദേഹം അതിനേക്കുറിച്ച് വിശദീകരിക്കും – അദ്ദേഹം പറഞ്ഞു.
മുന്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി പുതിയ എസ്‌ഐടി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് നടിക്കായി ഹര്‍ജി നല്‍കിയത്. മുന്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്നും പകരം ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഉള്ള എസ്‌ഐടി പുനരന്വേഷണം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിലെ ഹാഷ്വാല്യു മാറിയതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ശരിയായ രീതിയിലുള്ള അന്വേഷണം നടത്തണമെന്നും, മെമ്മറി കാര്‍ഡ് കോപ്പി ചെയ്ത പെന്‍ഡ്രൈവടക്കം ലാബിലയച്ച് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹാഷ്വാല്യു മാറിയ സംഭവത്തില്‍ വിചാരണക്കോടതി അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറ് പ്രതികളെ 20 വര്‍ഷം കഠിന് തടവിന് വിധിച്ചിരുന്നു. എന്നാല്‍, എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ഇതടക്കം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിക്ക് മുന്‍പാകെ ഉണ്ട്.
