മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലും കോഴിക്കോടിന് അവ​ഗണന; മുസ്ലിം ലീ​ഗിൽ അമർഷം

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ വിജയിച്ചിട്ടും ഒരു മന്ത്രിയെപ്പോലും നൽകാതെ കോഴിക്കോടിനെ അവ​ഗണിച്ചതിനെ പിന്നാലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കാര്യത്തിലും പരിഗണന ലഭിക്കാത്തതിൽ മുസ്ലിം ലീ​ഗിൽ അമർഷം. സംസ്ഥാനകമ്മിറ്റിക്ക്‌ തെരഞ്ഞെടുക്കാനായി 13 പേരുടെ പ്രാഥമിക പട്ടികയും 13 പേരുടെ അധിക പട്ടികയുമാണ് മുസ്ലിം ലീഗ് ജില്ലാകമ്മിറ്റി സംസ്ഥാനനേതൃത്വത്തിന് കൈമാറിയത്.

പതിമൂന്നിൽ അഞ്ച് പേരെയെങ്കിലും കോഴിക്കോട് ജില്ലയിൽ നിന്ന് നിയമിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കോഴിക്കോട്ടുനിന്ന് നൽകിയ പട്ടികയിൽ അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാന നേതൃത്വത്തെ കണ്ട് ജില്ലാനേതൃത്വം വീണ്ടും ആവശ്യമുന്നയിച്ചിട്ടുണ്ട്. മുസ്ലിം ലീ​ഗ് സംസ്ഥാനകമ്മിറ്റി നൽകുന്ന പട്ടികയിൽ നിന്നാണ് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പട്ടിക അഞ്ച് മന്ത്രിമാർക്കും കൈമാറിയിട്ടുണ്ട്. പക്ഷേ, ഇതിൽ ഉൾപ്പെടാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരായ കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരെ മന്ത്രിമാർ സ്വന്തം നിലയ്ക്ക് കൂടുതലായി ഉൾപ്പെടുത്തിയെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ പരാതി. ഇതിനെതിരേ കടുത്ത പ്രതിഷേധം ജില്ലയിൽ മുസ്ലിം ലീഗിലുണ്ട്.

പക്ഷേ, അനുഭവപരിചയമുള്ളവർ എന്ന നിലയിലാണ് മന്ത്രിമാർ സെക്രട്ടേറിയറ്റ് ജീവനക്കാരെ സ്വന്തംനിലയ്ക്ക്‌ തെരഞ്ഞെടുക്കുന്നതെന്നാണ് വിശദീകരണം. കോഴിക്കോട്ട് ആറ് സീറ്റിൽ ആദ്യമായാണ് മുസ്ലിം ലീഗ് ജയിക്കുന്നത്. മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോട്ടാണ്. പക്ഷേ, മന്ത്രിമാരുടെ പട്ടിക വന്നപ്പോൾ കോഴിക്കോട്ടുനിന്ന് ആരും പരിഗണിക്കപ്പെട്ടില്ല. അവസാന രണ്ടര വർഷം പാറക്കൽ അബ്ദുള്ളയെ മന്ത്രിയാക്കുമെന്ന് സംസ്ഥാന നേതൃത്വം നൽകിയ ഉറപ്പിൽ മാത്രമാണ് നിലവിൽ ഏക പ്രതീക്ഷ. മന്ത്രിപ്പട്ടികയിൽ ആരെയും പരിഗണിക്കാത്തതിൽ പ്രതിഷേധമുയർന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടെ കോഴിക്കോട്ട് നിന്നുള്ളവർക്ക് പരിഗണന നൽകുമെന്ന് പറഞ്ഞിരുന്നു. അതും പൂർണമായി പാലിക്കപ്പെടുന്നില്ലെന്നാണ് ലീഗിലെ ഒരു വിഭാഗം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *