ഇന്ത്യൻ പൈലറ്റുമാർക്ക് വിമാനത്തിൽ കയറുന്നതിന് മുൻപ് പെർഫ്യൂം ഉപയോ​ഗിക്കാൻ കഴിയില്ല

ന്ത്യയിലെ പൈലറ്റുമാർക്ക് വിമാനത്തിൽ കയറുന്നതിന് മുൻപ് പെർഫ്യൂം ഉപയോ​ഗിക്കുന്ന ശീലം ഒഴിവാക്കേണ്ടതുണ്ട്. ഫാഷനോ വ്യക്തിപരമായ ശൈലിയോ അല്ല ഇതിന് പിന്നിലെ കാരണം, മറിച്ച് കർശനമായ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളാണ് ഇതിന് പിന്നിൽ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മാർഗനിർദേശങ്ങൾ പ്രകാരം, ഓരോ വിമാനയാത്രയ്ക്ക് മുൻപും പൈലറ്റുമാർ നിർബന്ധമായും ബ്രീത്തലൈസർ പരിശോധനയ്ക്ക് വിധേയരാകണം. ഡ്യൂട്ടി സമയത്ത് പൈലറ്റുമാർ മദ്യപിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന. ഇത്തരം യന്ത്രങ്ങൾ വളരെ കൃത്യതയുള്ളവയാണ്; വായുവിലെ 0.0001 ശതമാനം ആൽക്കഹോൾ സാന്നിധ്യം പോലും കണ്ടെത്താൻ ഇവയ്ക്ക് കഴിയും.

പെർഫ്യൂമുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, മൗത്ത് വാഷുകൾ എന്നിവയിൽ എഥൈൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ബ്രീത്തലൈസർ പരിശോധനയ്ക്ക് തൊട്ടുമുൻപ് പൈലറ്റ് ഇവയിലേതെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, യന്ത്രം അത് മദ്യപിച്ചതായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ശ്വാസകോശത്തിൽ നിന്നുള്ള വായു മാത്രമല്ല, ചുറ്റുപാടുമുള്ള വായുവിലെ ആൽക്കഹോൾ ബാഷ്പങ്ങളും ഈ യന്ത്രം വലിച്ചെടുക്കുമെന്നതാണ് ഇതിന് കാരണം. യന്ത്രത്തിന് മദ്യവും പെർഫ്യൂമും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല എന്നതിനാലാണ് പൈലറ്റുമാർ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ഈ ശീലം യാത്രയ്ക്ക് മുൻപായി ഒഴിവാക്കുന്നത്.

തെറ്റായ ഫലം കാരണമാണെങ്കിൽ പോലും ബ്രീത്തലൈസർ പരിശോധന പരാജയപ്പെട്ടാൽ അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പൈലറ്റിനെ ഉടനടി ഡ്യൂട്ടിയിൽ നിന്ന് മാറ്റുകയും വിമാനക്കമ്പനി പകരക്കാരനെ കണ്ടെത്തേണ്ടി വരികയും ചെയ്യും. ഇന്ത്യയിലെ ഭൂരിഭാഗം പൈലറ്റുമാരും ഫ്ലൈറ്റിന് മുൻപായി ഇത്തരം ആൽക്കഹോൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മണം ഇല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്നതാണ് ഒരു രീതി. ഇനി അബദ്ധത്തിൽ ഇവ ഉപയോഗിച്ച് പരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ, അഞ്ച് മിനിറ്റ് പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചതിന് ശേഷം വീണ്ടും പരിശോധന നടത്താനാണ് നിർദേശിക്കാറുള്ളതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഡ്യൂട്ടിക്ക് മുൻപുള്ള പരിശോധനകൾ കൃത്യമായി പൂർത്തിയായ ശേഷം മാത്രമേ പൈലറ്റുമാർക്ക് പെർഫ്യൂമുകൾ ഉപയോഗിക്കാൻ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *