മുംബൈ: മെക്സിക്കോയില്‍ ഇന്ന് ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫ് ആവാനിരിക്കെ സംപ്രേഷണവകാശം സ്വന്തമാക്കിയ സീ എന്റർടൈൻമെന്റ് സീ5 സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ അവസാന നിമിഷം വരുത്തിയ മാറ്റം ആരാധകര്‍ക്ക് ഇരുട്ടടിയായി. നേരത്തെ പ്രഖ്യാപിച്ച 3 മാസത്തേക്കുള്ള 799 രൂപയുടെ ലോകകപ്പ് സബ്സ്ക്രിപ്ഷൻ പ്ലാനിൽ(പരസ്യങ്ങളോടെ) 3 ഡിവൈസുകളില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയുമായിരുന്നെങ്കില്‍ കിക്കോഫ് ദിവസം വരുത്തിയ മാറ്റം അനുസരിച്ച് ഒരു ഡിവൈസില്‍ മാത്രമെ ഇനി കാണാനാവു.
1699 രൂപയുടെ ഒരു വര്‍ഷത്തെ പ്രീമിയം സബ്സക്രിപ്ഷൻ പാക്കേജില്‍(പരസ്യങ്ങളില്ലാതെ) 4 ഡിവൈസുകളില്‍ കാണാൻ കഴിയുമായിരുന്നെങ്കില്‍ ഇപ്പോഴത് 2 ഡിവൈസുകളിലായി വെട്ടി ചുരുക്കി. ഇതോടെ ലോകകപ്പ് മത്സരങ്ങള്‍ കാണാൻ വലിയ തുക ആരാധകര്‍ മുടക്കേണ്ടി വരും.
ഇന്ത്യയിൽ ലോകകപ്പ് കാണാനാവില്ലെന്ന ആരാധകരുടെ ആശങ്കകള്‍ക്കൊടുവിലായിരുന്നു സീ എന്റർടൈൻമെന്റ് സംപ്രഷണവകാശം സ്വന്തമാക്കിയത്.
ടെലിവിഷൻ, ഡിജിറ്റൽ സ്ട്രീമിംഗ് രംഗത്ത് വലിയ ചുവടുവെപ്പ് ലക്ഷ്യമിട്ടായിരുന്നു സീ ലോകകപ്പ് സംപ്രേഷണവകാശം സ്വന്തമാക്കിയത്. ഫിഫയുമായുള്ള കരാറിന്റെ ഭാഗമായി 2034 വരെയുള്ള 38 ഫിഫ ടൂർണമെന്റുകളുടെ സംപ്രേഷണ അവകാശമാണ് സീ ഗ്രൂപ്പ് സ്വന്തമാക്കിയത്.
