സൗദി ചിത്രം ‘സെവൻ ഡോഗ്സ്’ ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നു

റിയാദ്: സൗദി ചിത്രമായ സെവൻ ഡോഗ്സ് ആഗോളതലത്തിൽ കൂടുതൽ തിയേറ്ററുകളിലേക്ക് റിലീസനായി എത്തുന്നു. ഇന്ത്യയുൾപ്പടെ 22 രാജ്യങ്ങളിലേക്കാണ് അണിയറ പ്രവർത്തകർ റിലീസ് വ്യാപിപ്പിക്കുന്നത്. ജൂൺ മാസം തന്നെ ഭൂഖണ്ഡങ്ങൾ താണ്ടി ഈ സൗദി ചിത്രം സിനിമാ പ്രേമികളുടെ അരികിലെത്തും. ആദ്യമായാണ് ഒരു അറബ് ചിത്രം ഇത്രയധികം രാജ്യങ്ങളിൽ റിലീസിനെത്തുന്നത്.ഇന്ന് മുതൽ സിറിയയിലും, ഫലസ്തീനിലും സിനിമയുടെ പ്രദർശനം ആരംഭിക്കും. ജൂൺ 17 മുതൽ മൊറോക്കോയിലും, ജൂൺ 25 മുതൽ ആസ്‌ട്രേലിയ, ന്യൂസിലൻഡ്, പോളണ്ട്, ഫിൻലൻഡ്, നോർവേ, സ്വീഡൻ എന്നിവിടങ്ങളിലും ജൂൺ 26 മുതൽ യു.എസ്, യു.കെ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, അയർലൻഡ്, ഗ്രീസ്, ഡെന്മാർക്ക്, തുർക്കി എന്നിവിടങ്ങളിലും സിനിമ കാണികൾക്ക് മുൻപിലെത്തും.

ചൈന, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിലും ചിത്രം ഉടൻ റിലീസ് ചെയ്യും. റിലീസ് ചെയ്ത് വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 1.5 കോടിയിലധികം യു.എസ് ഡോളർ (5,63,16,495 കോടി സൗദി റിയാൽ) ബോക്സ്ഓഫീസ് കളക്ഷൻ നേടി സിനിമ മുന്നേറുകയാണ്. 20 ലക്ഷത്തിനടുത്ത് ടിക്കറ്റുകളും ഈ കാലയളവിൽ വിറ്റഴിച്ചു. നേരത്തെ, അറബ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ വാര കളക്ഷൻ റെക്കോർഡ് ചിത്രം സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതൽക്കേ ഉയർന്ന വ്യൂവർഷിപ്പ് റേറ്റ് നിലനിർത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. 15 കോടി സൗദി റിയാലിലധികം ബജറ്റുള്ള ഈ ചിത്രം അറബ് സിനിമാ ചരിത്രത്തിൽ തന്നെ ഒന്നാം നിരയിലാണ്. പ്രശസ്ത ഹോളിവുഡ് സംവിധായകരായ ആദിൽ എൽ അർബിയും ബിലാൽ ഫല്ലായും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 175 ലധികം സൗദി സാങ്കേതിക പ്രവർത്തകർ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ പിന്തുണയോടെയാണ് സിനിമ പുറത്തിറക്കിയത്. അതോറിറ്റിയുടെ ചെയർമാനായ തുർക്കി അൽ ഷെയ്‌ഖിന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ. ഈജിപ്ഷ്യൻ സൂപ്പർ താരങ്ങളായ അഹമ്മദ് എസ്, കരീം അബ്ദുൽ അസീസുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവർക്കൊപ്പം ഹോളിവുഡ് താരം മോണിക്ക ബെലൂച്ചി, ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, സഞ്ജയ് ദത്ത്, സൗദി താരം നാസർ അൽ ഖസബി അണിനിരക്കുന്നുണ്ട്.ഇന്റർപോൾ ഉദ്യോഗസ്ഥനായ ഖാലിദ് അൽ അസ്സീസിയും ‘സെവൻ ഡോഗ്സ്’ എന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ അംഗമായ ഗാലിയും ചേർന്ന് മയക്കുമരുന്ന് മാഫിയക്കെതിരെ നടത്തുന്ന അതീവ രഹസ്യവും സങ്കീർണവുമായ ദൗത്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗദി തലസ്ഥാനമായ റിയാദിലെ ബിഗ് ടൈം സ്റ്റുഡിയോയിലാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *