വീണയുടെ നീക്കം തള്ളി ഇഡി

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ എറണാകുളം ഇ.ഡി.അധികൃതർക്ക് മുൻപാകെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണ വെള്ളിയാഴ്ച ഹാജരായില്ലെങ്കിൽ പുതിയ സമൻസ് നൽകിയേക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിലിലൂടെ വീണ അറിയിച്ചതായാണ് റീപ്പോർട്ട്. ഇ.ഡി. കൊച്ചി യൂണിറ്റിൽ നേരിട്ടു ഹാജരാകാനുള്ള സമൻസിന് മറുപടിയായാണ് വീണയുടെ അവധി അപേക്ഷ. അധികൃതർ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നുമാണ് അറിയിച്ചത്. എന്നാൽ, വീണ നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇ.ഡി. വീണയെ ചോദ്യംചെയ്തതിനുശേഷം സി.എം.ആർ.എൽ. അധികൃതരിലേക്ക് കടക്കാനാണ് ഇ.ഡി.നീക്കം. കരിമണൽ കമ്പനിയിൽനിന്ന് എന്തിന് പണം ലഭിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് നിർദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സി.എം.ആർ.എലുമായി ബന്ധപ്പെട്ട് നടന്നെന്നാണ് എസ്.എഫ്.ഐ.ഒ. കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *