പാലാ: പാലാ നഗരസഭയിൽ യുഡിഎഫ് നേതാക്കൾ നടത്തിയ അനുനയ ചർച്ച പരാജയപ്പെട്ടു. സ്വതന്ത്ര മുന്നണിയുമായി യോജിച്ചു മുന്നോട്ടു പോകില്ലെന്ന് കോൺഗ്രസ് കൗൺസിലേഴ്സ് നിലപാടെടുത്തു. ദുഷ്ടന്മാരുടെ കൂടെ കൂടുന്നതിലും നല്ലത് ഭരണം ഇല്ലാതിരിക്കുകയാണെന്ന് ബിജു മാത്യൂസ് പറഞ്ഞു. സ്വതന്ത്ര മുന്നണിയുമായി ചേർന്ന ഭരണം നടത്തുന്നത് ആത്മഹത്യപരമെന്നാണ് അദേഹം വിശേഷിപ്പിച്ചത്. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് സ്വതന്ത്ര കൗൺസിലർ ബിനു പുളിക്കകണ്ടം വ്യക്തമാക്കി.
ഓട്ടോറിക്ഷാ സ്റ്റാൻഡിനെ ചൊല്ലിയുണ്ടായ തർക്കമാണ് പാലയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്. നിലവിൽ കോൺഗ്രസ് ഒരുവശത്തും സ്വതന്ത്ര കൂട്ടായ്മയും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും എല്ലാം മറുവശത്തുമാണ്. കഴിഞ്ഞദിവസം ചെയർപേഴ്സൺ അടക്കമുള്ള സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാർ യുഡിഎഫിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആവുകയും ചെയ്തു. ഇരു വിഭാഗവും പരസ്പരം കേസുകൂടി കൊടുത്തുതോടെ നഗരസഭ ഭരണം പൂർണമായും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന യുഡിഎഫ് തന്നെ വിഷയത്തിൽ ഇടപെട്ടത്.
