ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാമൂഹിക നവോഥാനത്തിന് കരുത്തു പകർന്ന പരിപാവന മണ്ണാണ് ശിവഗിരിയുടേത്. ശ്രീനാരായണ ഗുരു സ്വപ്നം കണ്ട കേരളം യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞയാണ് ശിവഗിരി സന്ദർശനവേളയിൽ എടുക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആദർശ രാഷ്ട്രീയത്തിന്റെ  മാതൃകയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. കേരളത്തിന്റെ സമഗ്ര പുരോഗതി ജാതി, മത, കക്ഷി ഭേദങ്ങൾക്ക് അതീതമായി സാധ്യമാക്കാൻ മുഖ്യമന്ത്രിക്ക് കഴിയും. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സോദരത്വേന വാഴുന്ന കേരളം സാക്ഷാത്കരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയട്ടെയെന്നും സച്ചിദാനന്ദ സ്വാമി ആശംസിച്ചു.

രാവിലെ ഒൻപതോടെ ശിവഗിരിയിലെത്തിയ മുഖ്യമന്ത്രിയെ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി പൊന്നാടയണിച്ച് ആദരിച്ചു. ശിവഗിരി മഠം അധികൃതരുമായും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടർന്ന് മുഖ്യമന്ത്രി ശ്രീനാരായണ ഗുരു മഹാസമാധിയിൽ ദർശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *