മസ്കത്ത്: ഒമാനിലെ റുസ്താഖിൽ നിന്നും കാണാതായ ബംഗ്ലാദേശ് സ്വദേശിനിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്. ‘അക്തർ ഷാ ജാൻ’ എന്ന ബംഗ്ലാദേശ് വനിതയെയാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നും കാണാതായത്. റോയൽ ഒമാൻ പൊലീസിന്റെ സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കഴിഞ്ഞ മെയ് 31 ബുധനാഴ്ചയാണ് അക്തർ ഷാ ജാൻ തന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ പിന്നീട് ഇവർ തിരിച്ചെത്തിയിട്ടില്ലെന്നും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ അടിയന്തരമായി പൊലീസിനെ വിവരമറിയിക്കണം. റോയൽ ഒമാൻ പൊലീസിന്റെ ഒഫീഷ്യൽ ഓപ്പറേഷൻസ് സെന്റർ നമ്പറായ 9999 ലോ അല്ലെങ്കിൽ തൊട്ടടുത്തുള്ള ഏതെങ്കിലും പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു.
ഒമാനിലെ റുസ്താഖിൽ ബംഗ്ലാദേശ് വനിതയെ കാണാനില്ല; സഹായം തേടി ആർ.ഒ.പി
