ദുബായ്: വേനൽച്ചൂടിലേക്ക് നീങ്ങുന്നതിനിടെ യുഎഇയിൽ വീണ്ടും മഴ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 13 വരെ മഴയ്ക്കും സ്ഥിരതിയില്ലാത്ത കാലാവസ്ഥക്കും സാധ്യത ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 9 മുതൽ തുടങ്ങിയ ഈ കാലാവസ്ഥമാറ്റം വരും ദിവസങ്ങളിലും തുടരും. ഇത്തവണ മിതമായ മഴ ലഭിക്കാന്‍ സാധ്യത. എന്നാലും ചില സ്ഥലങ്ങളിൽ പെട്ടന്ന് ശക്തമായ മഴ പെയ്തേക്കാം.
അൽ ദഫ്ര, അൽ ഐൻ തുടങ്ങിയ മേഖലകളിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം ഏപ്രിൽ 13 വരെ ‘യെല്ലോ അലേർട്ടും’ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ മഴ പെയ്യുമ്പോൾ റോഡുകളിൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. അതുകൊണ്ട് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. അറബിക്കടലിൽ നിന്നുമുള്ള ന്യുനമർദ്ദവും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള മറ്റൊരു കാലാവസ്ഥാ വ്യതിയാനവുമാണ് നിലവിലെ മഴയ്ക്ക് കാരണം. ഒപ്പം തന്നെ സൗദി അറേബ്യക്ക് മുകളിൽ രൂപപ്പെടുന്ന കാർമേഘങ്ങൾ യുഎഇയിലേക്ക് നീങ്ങുന്നതായും കലാവാസസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി. ദുബായ്, ഷാർജ, റാസൽഖൈമ, അബുദാബി എന്നിവിടങ്ങളിൽ മിതമായ നിരക്കിൽ മഴ പ്രതീക്ഷിക്കാം.
