തിരുവനന്തപുരം: പല മേഖലകളിലും ഇന്ന് ലേ ഓഫ് വ്യാപകമാണ്. വലിയ വലിയ കമ്പനികളിൽ നിന്നും നിരവധി ഐടി പ്രൊഫഷണലുകളെയാണ് പിരിച്ചുവിടുന്നത്. നമ്മുടെ ജോലിയും വരുമാന മാർഗവും ഇല്ലാതെയാകുമ്പോൾ നാം തളർന്നുപോകുന്നതും നിരാശരാകുന്നതും സ്വാഭാവികമാണ്. എന്നാൽ, അവിടെ നിന്നും പിടിച്ചുകയറി തികച്ചും വ്യത്യസ്തമായൊരു വഴിയിലൂടെ വലിയ തുക സമ്പാദിക്കുന്നൊരു യുവാവിന്റെ അനുഭവമാണ് ഇത്. ശ്രീലങ്കയിൽ നിന്നുള്ള ഈ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ ഗ്രാമത്തിൽ ഒരു ചെറിയ സൂപ്പർമാർക്കറ്റ് ആരംഭിക്കുകയാണ് ചെയ്തത്. ജോലി പോയപ്പോൾ പെട്ടെന്ന് തോന്നിയ ഒരു ഐഡിയ ആയിരുന്നെങ്കിലും ഇന്ന് നാട്ടിലെ ഒരു വലിയ ബിസിനസ്സായി ഇത് വളർന്നിരിക്കുന്നു. ഇപ്പോൾ പ്രതിദിനം 50,000 രൂപയുടെ വിറ്റുവരവ് ഇതിൽ നിന്നും ലഭിക്കുന്നതായാണ് സമിത സുലക്കണ എന്ന യുവാവ് പറയുന്നത്.
ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തിരിക്കുന്ന തന്റെ അനുഭവക്കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്; ‘ഏതാനും മാസങ്ങൾക്ക് മുമ്പ്, എന്റെ കമ്പനിയിൽ വലിയ ലേ-ഓഫ് നടന്നു. അതെന്നെയും ബാധിച്ചു. ഭാവിയെ കുറിച്ച് വലിയ അനിശ്ചിതത്വം അതെന്നിലുണ്ടാക്കി. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ബിരുദധാരി എന്ന നിലയിൽ, ടെക് ഇൻഡസ്ട്രിയിൽ ഒരു കരിയർ കെട്ടിപ്പടുക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഇപ്പോഴും എന്റെ പാഷനാണ്, അതിലേക്ക് തിരികെ കണക്റ്റാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ആ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ, അവസരങ്ങൾ എപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന രൂപത്തിലല്ല വരുന്നതെന്നും ഞാൻ മനസ്സിലാക്കി. മറ്റൊരവസരത്തിനായി കാത്തിരിക്കാതെ, സ്വന്തമായി അവസരം സൃഷ്ടിക്കാൻ ഞാൻ തീരുമാനിച്ചു’.
