തിരുവനന്തപുരം: ബിജെപിയിൽ പുതിയ സമവാക്യങ്ങൾ. കെ.സുരേന്ദ്രനും വി മുരളീധരനും രാഷ്ട്രീയ പ്രതികരണങ്ങൾ നടത്താൻ ചുമതല. ദൈനംദിന വിഷയങ്ങളിൽ ബിജെപി രാഷ്ട്രീയ നിലപാട് പറയുന്നത് സംസ്ഥാന അധ്യക്ഷനാണ്. നിലവിൽ പിന്തുടരുന്ന കീഴ്വഴക്കങ്ങൾ മാറ്റി പുതിയ സമവാക്യം രൂപപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം. നിലവിലെ സംസ്ഥാന അധ്യക്ഷന്റെ രാഷ്ട്രീയപ്രതികരണം വേണ്ട വിധത്തിൽ സ്വാധീനിക്കുന്നില്ലെന്ന പാർട്ടിക്കുള്ളിലെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനം.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുൻ സംസ്ഥാന അധ്യക്ഷന്മാരും ദിവസേന കൂടിയാലോചന നടത്തിയതിന് ശേഷമായിരിക്കും രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുക. നിയമസഭയിൽ കരുത്ത് കാട്ടാനുള്ള ചുമതല ബി. ബി ഗോപകുമാറിന് നൽകും. 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മുഴം മുമ്പേ ഒരുങ്ങാൻ ബിജെപി തയാറെടുപ്പുകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ,ആറ്റിങ്ങൽ കെ സുരേന്ദ്രൻ, കൊല്ലം ബി ബി ഗോപകുമാർ, പത്തനംതിട്ട ആനൂപ് ആന്റണി എന്നിവർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
