ദുബൈ: ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും നവീകരിച്ച ‘എയർ സുവിധ 2.0’ പോർട്ടലിലൂടെ സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമാകും. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് നവീകരിച്ച കോൺടാക്റ്റ്ലെസ് പാസഞ്ചർ ഹെൽത്ത് സെൽഫ്-ഡിക്ലറേഷൻ പോർട്ടൽ പുറത്തിറക്കിയത്. ഇന്ത്യയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് വരെ എയർ സുവിധ 2.0 പോർട്ടൽ വഴി ഫോം സബ്മിറ്റ് ചെയ്യാം. ഇത് വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. നേരത്തെ, എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മാത്രമേ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടിയിരുന്നൊള്ളൂ. എബോള വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ അടിയന്തര മുൻകരുതൽ നടപടി.
ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ‘എയർ സുവിധ 2.0’ ഡിക്ലറേഷൻ നിർബന്ധം
