വെനസ്വേലയിലെ ഭൂചലനത്തിൽ അര്‍ജന്റീന ഫുട്‌ബോളറുടെ ഭാര്യയും മക്കളും മരിച്ചു

കാരക്കാസ്: വെനസ്വേലയില്‍ ഉണ്ടായ ഭൂചലനത്തില്‍ അര്‍ജന്റീന ഫുട്‌ബോളര്‍ ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചതായി സ്ഥിരീകരണം. വെനസ്വേലയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ഡീപോര്‍ട്ടീവോ ലാ ഗ്വായിരയാണ് ഇക്കാര്യം അറിയിച്ചത്. ട്രേജോയുടെ ഭാര്യ യാനിന മാരനെല്ല, മക്കളായ ആരോണ്‍, ഐന്‍ഹോ എന്നിവരാണ് മരിച്ചത്. വെനസ്വേലയിലെ ഗ്യാരാകോയ് പ്രദേശത്താണ് രണ്ട് ശക്തമായ ഭൂചലനമുണ്ടായത്.

ഇരട്ട ഭൂചലനമുണ്ടായ പ്ലായാ ഗ്രാന്‍ഡേയിലാണ് ട്രേജോയും കുടുംബവും താമസിച്ചിരുന്നത്. ഭൂചലനത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തകരാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയം, വരാനിരിക്കുന്ന ഒരു മത്സരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി മാരിടിമോ ക്ലബിനൊപ്പം കാരക്കസിലായിരുന്നു ട്രേജോ. അപകടം അറിഞ്ഞ ഉടന്‍ തന്നെ പ്രദേശത്ത് എത്തിയ ട്രേജോ കുടുംബാംഗങ്ങള്‍ക്കും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും ഒപ്പം കുടുംബത്തിനായി തെരച്ചില്‍ നടത്തിയിരുന്നു.

കുടുംബത്തിന്റെ മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ട്രോജോ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. എഴുപത് ലക്ഷത്തോളം പേരെ ബാധിച്ച ഈ ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 24നായിരുന്നു ഭൂചലനം.

Leave a Reply

Your email address will not be published. Required fields are marked *