ആലപ്പുഴ: മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററും എസ്എന്‍ഡിപി യോഗം യൂണിറ്റ് സെക്രട്ടറിയുമായിരുന്ന കെ. കെ മഹേശന് ജീവനൊടുക്കിയ സംഭവത്തിലെ എസ്ഐടി അന്വേഷണം സംബന്ധിച്ച ചോദ്യത്തോട് വ്യക്തമായ മറുപടി ഇല്ലാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അതെന്തുവാ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് മുഖ്യമന്ത്രി വി ഡി സതീശന് രണ്ട് തവണ കത്തയച്ചിരുന്നു.
എസ്ഐടി രൂപീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു എസ്ഐടി എന്താണെന്ന് മനസിലാകാത്ത വിധത്തിലുള്ള രമേശ് ചെന്നിത്തലയുടെ അവ്യക്തമായ മറുപടി. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മഹേശന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തരമന്ത്രിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണ്‍ ആറിനാണ് വി. എം സുധീരന് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. കെ കെ മഹേശന്റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷയും മുഖ്യമന്ത്രിക്ക് അയച്ച കത്തിനൊപ്പം വി എം സുധീരന് ഉള്‍പ്പെടുത്തിയിരുന്നു.
കെ കെ മഹേശന്റെ മരണത്തില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്നായിരുന്നു വി എം സുധീരന് കത്തില്‍ പറഞ്ഞത്. ഇതിനിടെ മഹേശനെയും ഭാര്യ ഉഷാദേവിയേയും അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വി എം സുധീരന് മുഖ്യമന്ത്രിക്ക് രണ്ടാമത് കത്തയച്ചത്. മഹേശനെതിരെ വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നതെന്നും വി എം സുധീരന് കത്തില്‍ പറഞ്ഞിരുന്നു. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്.
