സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ തയ്യാറെടുത്ത് ഗവർണർ. ഭരണമാറ്റത്തിന് ശേഷമുള്ള സർവകലാശാല സിൻഡിക്കേറ്റുകളുടെ പുനഃസംഘടന ഉടൻ നടത്തുമെന്ന പ്രതീക്ഷയിലാണ് ലോക്ഭവൻ. അത് പൂർത്തിയായാൽ, ഉടൻ സ്ഥിരം വി.സി.മാരെ നിയമിക്കാനുള്ള നടപടികളിലേക്ക് പ്രവേശിക്കുമെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ കാലിക്കറ്റ്, ആരോഗ്യം, ഡിജിറ്റൽ, കെ.ടി.യു. എന്നിങ്ങനെ നാലെണ്ണത്തിൽ മാത്രമേ സ്ഥിരം വി.സി.മാരുള്ളൂ.

സർക്കാരിന് കീഴിൽ നിയമസർവകലാശാല ഉണ്ടെങ്കിലും ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് അവിടെ വി.സി.യെ നിയമിക്കാനുള്ള അധികാരം. ബാക്കിയുള്ളവയിൽ ചാൻസിലറെന്ന നിലയിൽ ഗവർണർക്കാണ്. സ്ഥിരം വി.സി.മാരെ നിയമിക്കാൻ എൽ.ഡി.എഫ് സർക്കാരിന്റെ അവസാനവേളയിൽ ഗവർണർ -മുഖ്യമന്ത്രി തലത്തിൽ ധാരണയായെങ്കിലും നടപടികളുണ്ടായില്ല. പുതിയ സർക്കാർ സ്ഥിരം വി.സി നിയമനത്തിന് താത്‌പര്യമെടുക്കുമെന്ന പ്രതീക്ഷയിലാണ് ലോക്ഭവൻ. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ സന്ദർശിച്ച വേളയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.

എം.ജി., കാർഷിക സർവകലാശാലകളിലെ വി.സി. നിയമനങ്ങൾ വിവാദമായെങ്കിലും അതെല്ലാം താത്‌കാലിക ചുമതല മാത്രമാണെന്നും സർക്കാരുമായി കൂടിയാലോചിച്ച് ഉടൻ സ്ഥിരംനിയമനങ്ങളിലേക്കു കടക്കാമെന്ന നിലപാടിലാണ് ലോക്ഭവൻ. യു.ജി.സി. മാനദണ്ഡമനുസരിച്ച് വി.സി. നിയമനത്തിനായി യു.ജി.സി., ചാൻസലർ, സർവകലാശാലാ പ്രതിനിധികൾ ഉൾപ്പെട്ട മൂന്നംഗ സെർച്ച് കമ്മിറ്റി വേണം. സർവകലാശാലാ പ്രതിനിധികളെ അതത് സെനറ്റുകൾ തെരഞ്ഞെടുത്ത് ചാൻസലറായ ഗവർണർക്ക് നൽകണം. മറ്റ് രണ്ടു പ്രതിനിധികളെ ഗവർണർക്ക് എളുപ്പത്തിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *