അട്ടിമറി വീര്യവുമായി ജപ്പാൻ, കിരീട വരൾച്ച തീർക്കാൻ ബ്രസീൽ

ഹൂസ്റ്റൺ: ലോകകപ്പ് കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഉറച്ചിറങ്ങുന്ന ബ്രസീലിന് ആദ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) മത്സരത്തിൽ കനത്ത വെല്ലുവിളി. ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്ക് ഹൂസ്റ്റണിലാണ് ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ പോരാട്ടം. ഗ്രൂപ്പ് സിയിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നയിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്. പഴയ കളിശൈലിയുടെ അത്രയും അപ്രമാദിത്യം അവകാശപ്പെടാനില്ലെങ്കിലും, പരിമിതികൾ മറികടന്ന് ഒരു സംഘമായി മുന്നേറാൻ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ടീമിന് സാധിക്കുന്നുണ്ട്. മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് ബ്രസീലിന്‍റെ ആത്മവിശ്വാസം കൂട്ടുന്നത്. വ്യക്തിഗത മികവിനെ ബ്രസീൽ അമിതമായി ആശ്രയിക്കുമ്പോൾ, മികച്ച ടീം സ്പിരിറ്റിലാണ് ജപ്പാന്‍റെ പ്രതീക്ഷകൾ. നെതർലൻഡ്സും സ്വീഡനുമുൾപ്പെട്ട കടുത്ത ഗ്രൂപ്പിൽ നിന്നും തോൽവിയറിയാതെയാണ് ജപ്പാൻ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *