മലപ്പുറം: തിരുനാവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീമന് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ആഫ്രിക്കന്‍ നാടുകളില്‍ കണ്ടുവരുന്ന ഇവ പരിസ്ഥിതിക്കും പൊതു ജനാരോഗ്യത്തിനും വലിയ ഭീഷണിയാണ്. ജൈവ അധിനിവേശ ഭീഷണിയുയർത്തി അതിവേഗ പെറ്റുപെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ പഞ്ചായത്തില്‍ ഓരോ ഭാഗങ്ങളിലും പരിസര പഞ്ചായത്തുകളിലും വ്യാപിക്കുകയാണ്. 2018 ലെയും 19ലെയും പ്രളയത്തിലാണ് ഇവ പ്രദേശത്ത് വ്യാപിച്ചത്. ആദ്യ സമയത്ത് കൊടക്കല്‍ ബന്തര്‍ കടവ് ഭാഗങ്ങളിലാണ് ഏറെയും കണ്ടിരുന്നത്. ഇപ്പോള്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കര ഭാഗങ്ങളിലും ആഫ്രിക്കൻ ഒച്ചിനെ ധാരാളം കണ്ടു വരുന്നുണ്ട്.
പൂര്‍ണ വളര്‍ച്ചയെത്തിയ ഒച്ചുകളുടെ തോടിന് ഏഴ് മുതല്‍ 20 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. കോണ്‍ ആകൃതിയിലും തവിട്ടുനിറത്തിലുമുള്ള തോടുകളാണ് പ്രധാനമായും ഇവക്കുള്ളത്. ഇവയുടെ വംശവര്‍ധന അതിവേഗത്തിലാണ് നടക്കുന്നത്. ഒറ്റത്തവണ 500 ഓളം മുട്ടകളിടുന്ന ഇവ ഒരു വര്‍ഷത്തില്‍ ആയിരക്കണക്കിന് മുട്ടകള്‍ വിരിയിക്കുന്നുണ്ട്. നാട്ടിലെ നിരവധി സസ്യയിനങ്ങള്‍ ആഹാരമാക്കുന്ന ഇവ കൃഷിയിടങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുകയാണ്. കൂടാതെ, തോടിന്റെ വളര്‍ച്ചയ്ക്ക് കാല്‍സ്യം ആവശ്യമായതിനാല്‍ വീടുകളുടെ ചുവരുകളിലെ സിമന്റും ചുണ്ണാമ്പും വരെ ഇവ നശിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
