ന്യൂയോര്‍ക്ക്: ലോകകപ്പ് വേദികളിൽ നെതർലൻഡ്സിനെ വേട്ടയാടുന്ന പെനാൽറ്റി ഷൂട്ടൗട്ട് ശാപം ഇത്തവണയും ഒഴിഞ്ഞുപോയില്ല. ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മുൻ റണ്ണേഴ്സ് അപ്പുകളായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് മൊറോക്കോ ജയിച്ചുകയറിയത്.
ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സ് മൂന്ന് കിക്കുകള്‍ പാഴാക്കിയപ്പോള്‍ മൊറോക്കോ രണ്ട് കിക്കുകള്‍ നഷ്ടമാക്കി. നിര്‍ണായക അഞ്ചാം കിക്ക് ഗോളാക്കി ഇസ്മയില്‍ സൈബാരിയാണ് മൊറോക്കോക്ക് ചരിത്ര ജയം സമ്മാനിച്ചത്. നേരത്തെ നിശ്ചിത സമയത്ത് ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല. മൊറോക്കൻ ആക്രമണങ്ങള്‍ക്ക് മുന്നില്‍ നെതര്‍ലന്‍ഡ്സ് വിറച്ചെങ്കിലും ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാല്‍ രണ്ടാം പകുതിയുടെ 72-ാം മിനിറ്റില്‍ കോഡി ഗാക്പോയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്സ് ലീഡെടുത്തു. ഒരു ഗോള്‍ ജയവുമായി നെതര്‍ലന്‍ഡ്സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുവെന്ന് കരുതിയപ്പോഴാണ് ഇഞ്ചുറി ടൈമില്‍(90+1)ഇസാ ഡിയോപിന്‍റെ മിന്നല്‍ ഹെഡല്‍ നെതര്‍ലന്‍ഡ്സ് ഹൃദയം തകര്‍ത്ത് വല തുളച്ചത്.
