അവിശ്വാസപ്രമേയത്തിൽ സൂക്ഷിച്ച് നീങ്ങാൻ സിപിഎം; വി.ശിവൻകുട്ടിക്കെതിരേ പാർട്ടിക്കുള്ളിൽ അതൃപ്തി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരേയുള്ള യു.ഡി.എഫിന്റെ അവിശ്വാസപ്രമേയനീക്കത്തിൽ സൂക്ഷിച്ച് മുന്നോട്ടുപോയാൽ മതിയെന്ന് സിപിഎം. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിൽ യു.ഡി.എഫിനൊപ്പം സഹകരിക്കാം എന്ന നിലപാട് സ്വീകരിച്ച സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടിക്കെതിരേയും പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. ഇതോടെ പാർട്ടി ജില്ലാ നേതൃത്വത്തിലെ അഭിപ്രായഭിന്നതയും കൂടുതൽ രൂക്ഷമായി.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറിയെക്കുറിച്ചും പാർട്ടിയിൽ തർക്കമുണ്ടായിരുന്നു. എം.എൽ.എ.യായ വി.ജോയിക്കു പകരം വി.ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വരെയുണ്ടാകാനുള്ള സാധ്യതയുണ്ടായെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ജോയിക്കുതന്നെ സ്ഥാനം ലഭിച്ചത്. ഇതിനുശേഷം പാർട്ടിയോട് ഇടഞ്ഞുനിൽക്കുകയാണ് ശിവൻകുട്ടി. നയപരമായ കാര്യങ്ങളിൽപ്പോലും പാർട്ടിയോട് ആലോചിക്കാതെയാണ് ശിവൻകുട്ടി പ്രതികരിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ഇതോടെയാണ് അവിശ്വാസവിഷയത്തിൽ ശിവൻകുട്ടിയെ തിരുത്തി ജില്ലാ സെക്രട്ടറി വി.ജോയിയും കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക്കും രംഗത്തെത്തിയത്.

പാർട്ടിയോട് ആലോചിക്കാതെയുള്ള ഇത്തരം പ്രതികരണങ്ങൾ വിലക്കണമെന്നും ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കോർപ്പറേഷൻ ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവരുന്നതിൽ പൊതു യോജിപ്പുണ്ടെങ്കിലും എടുത്തുചാടി കെണിയിൽ വീഴരുതെന്നാണ് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി. ഭരണസമിതി അധികാരമേറ്റിട്ട് ആറുമാസം തികയുന്നതേയുള്ളൂ. ആദ്യ അവിശ്വാസംതന്നെ പരാജയപ്പെട്ടാൽ വീണ്ടും ആറുമാസം കാത്തിരിക്കണം. നിലവിൽ കാപ്പ കേസിൽ കരുതൽ തടങ്കലിലായ ബി.ജെ.പി. കൗൺസിലർ സുഗതൻ കോടതിയെ സമീപിക്കുന്നുണ്ട്. സുഗതന്റെ ആദ്യ സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയിട്ടുണ്ട്. ജയിലിലായതിനാൽ അതു വീണ്ടും നടത്താനായിട്ടില്ല. ഇതും കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *