മുംബൈ: ഗൾഫിലെ പ്രതിസന്ധിയിൽ അയവുണ്ടായ സാഹചര്യത്തിൽ വിദേശ വിമാന സർവീസുകൾ ഉയർത്തുന്നതു പരിഗണിച്ച് എയർ ഇന്ത്യ. ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ ഇക്കാര്യമറിയിച്ച് കമ്പനിക്കകത്ത് സർക്കുലർ നൽകിയതായാണ് റിപ്പോർട്ട്. ഇറാനിലെ അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ വ്യോമപാതകൾ അടിക്കടി തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജൂണിനും ഓഗസ്റ്റിനുമിടയിൽ വിദേശ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര വിമാനങ്ങളാണ് കൂടുതലും റദ്ദാക്കിയത്. ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ കരാറിനായി ചർച്ചകൾ തുടങ്ങുകയും വെടിനിർത്തൽ തുടരുകയും ചെയ്താൽ വരും ദിവസങ്ങളിൽ മുൻപ് ഒഴിവാക്കിയ സർവീസുകൾ സാവധാനം പുനരാരംഭിക്കുന്നതാണ് കമ്പനി പരിഗണിക്കുന്നത്. അവസാന മണിക്കൂറിൽ വിമാനങ്ങൾ റദ്ദാക്കുന്നത് ഒഴിവാക്കുന്നതിലൂടെ യാത്രക്കാരുടെ ബുദ്ധിമുട്ടു കുറയ്ക്കുന്നതിനും സർവീസുകളുടെ സ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടു കൂടിയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനി തീരുമാനിച്ചത്. ഇന്ധന വില ക്രമാതീതമായി ഉയർന്നത് സർവീസിനുള്ള ചെലവു കൂട്ടുകയും ചെയ്തിരുന്നു.
വിദേശ സർവീസുകൾ കൂട്ടുന്നത് പരിഗണിച്ച് എയർ ഇന്ത്യ
