പ്രിയദർശിനി ഷെഡ്യൂൾ പുനഃക്രമീകരിക്കും

തിരുവനന്തപുരം:: ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാർ കൈവിട്ട് നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കും. സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാനാണ് നീക്കം. സ്വകാര്യബസുകാർക്കും യാത്രക്കാരെ കിട്ടുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രാ സമയത്തിൽ അഞ്ചുമുതൽ പത്ത് മിനിറ്റുവരെ മാറ്റംവരുത്താനാണ് തീരുമാനം. 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനം ഷെഡ്യൂളുകൾ സ്വകാര്യബസുകാരെ ബാധിക്കുന്ന വിധത്തിലാണെന്നാണ് പ്രാഥമിക നിഗമനം. പത്ത് വർഷത്തിന് മുമ്പ് 24,000 സ്വകാര്യബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അവയുടെ എണ്ണം 8000-ൽ താഴെയാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പ്രിയദർശിനി പദ്ധതികാരണം സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിൻമാറുന്ന സ്ഥിതിയുണ്ടായാൽ സർക്കാർ നയത്തിന് കടുത്ത തിരിച്ചടിയാകുമെന്ന സൂചന വിവിധ കോണുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ റൂട്ട് പുനഃക്രമീകരിക്കാൻ ആലോചിക്കുന്നത്. പദ്ധതിയുടെ അവലോകനത്തിന്റെ ഭാഗമായിട്ടാകും ഇത് നടപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *