കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്ക്കരിന്റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജിതിൻ ഭാസ്ക്കരിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ജിതിൻ മനഃപൂർവം തെളിവ് നശിപ്പിച്ചു, ഫോണിലെ രേഖകൾ തിരിച്ചു കിട്ടാൻ ആകാത്ത വിധം നശിപ്പിച്ചു. ശാസ്ത്രീയ പരിശോധന ഫലം കോടതിയിൽ സമർപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
നടന്നത് രാഷ്ട്രീയ വേട്ട എന്ന് ജിതിൻ ഭാസ്ക്കർ പ്രതികരിച്ചു. ഫോൺ റിസെറ്റ് ചെയ്യുന്നതിനെ തെളിവ് നശിപ്പിക്കൽ ആയി കണക്കാക്കാൻ ആകുമോ എന്ന് ചോദിച്ച ജിതിൻ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ വടകരയിൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ഒന്നര വർഷമായി അന്വേഷണത്തോട് സഹകരിക്കുന്നുവെന്നും വ്യക്തമാക്കി. അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും കോടതിയെ സമീപിച്ചു. പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്റെ നീക്കം. റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ജൂലൈ 3 ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
