കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് വിതരണം, പുതുക്കൽ എന്നിവയുൾപ്പെടെയുള്ള വിവിധ കോൺസുലാർ സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചതായി അറിയിച്ചു. ഇന്ത്യൻ സർക്കാരിന്റെ നിർദേശപ്രകാരം ജൂൺ 25-ലെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിന് വിധേയമായാണ് ഈ മാറ്റം. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണ പാസ്‌പോർട്ടുകൾ, ജംബോ പാസ്‌പോർട്ടുകൾ, കേടുപാടുകൾ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്‌പോർട്ടുകൾക്ക് പകരമുള്ളവ, എമർജൻസി യാത്രാ രേഖകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പൗരത്വം ഉപേക്ഷിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാവിധ അനുബന്ധ സേവനങ്ങൾക്കും പുതിയ നിരക്കുകൾ ബാധകമായിരിക്കും. പുതുക്കിയ വിശദമായ നിരക്കുകൾ എംബസി വെബ്‌സൈറ്റിൽ ലഭ്യമാണ്.
മുതിർന്നവർക്കുള്ള സാധാരണ പാസ്‌പോർട്ട് 36 പേജുള്ളതിന് 23 ദിനാറിൽ നിന്ന് 38 ദിനാറായി ഉയർത്തി. മുതിർന്നവർക്കുള്ള 60 പേജ് ജംബോ പാസ്പോർട്ടിന് 53 ദിനാറായിട്ടുണ്ട്. നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്‌പോർട്ടുകൾക്ക് പകരം പുതിയത് എടുക്കുന്നതിന് 46 ദിനാറിൽ നിന്ന് 76 ദിനാറായും വർധിപ്പിച്ചു. 60 പേജ് പാസ്‌പോർട്ടിന് 53 ദിനാറിൽ നിന്ന് നിന്ന് 91 ദിനാറായാണ് വർധിപ്പിച്ചത്.
കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള പുതിയ പാസ്പോർട്ടിന് 15 ദിനാറിൽ നിന്ന് 26 ദിനാറായും പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ അതിനുവേണ്ട നടപടിക്രമങ്ങൾക്കായുള്ള ഫീസ് 46 ദിനാറിൽ നിന്ന് 65 ദിനാറായി ഉയർത്തിയിട്ടുണ്ട്. ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അധിഷ്ഠിത ജനന സർട്ടിഫിക്കറ്റ്, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, പൗരത്വം ഉപേക്ഷിക്കൽ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി വെരിഫിക്കേഷൻ തുടങ്ങിയ മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ നിരക്കുകൾ 8 ദിനാറിൽ നിന്ന് 13 ദിനാറായി ഉയർത്തിയിട്ടുണ്ട്. അതേസമയം, എമർജൻസി സർട്ടിഫിക്കറ്റുകളുടെ നിരക്ക് 5 ദിനാറായും ഐഡന്റിറ്റി സർട്ടിഫിക്കറ്റുകളുടെ നിരക്ക് 16 ദിനാറായും മാറ്റമില്ലാതെ തുടരും.
