റിയാദ്: സൗദിയിലെ നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളം വഴി 2025 ഒന്നാം പാദത്തിന്റെ അവസാനം വരെ 1.7 മില്യൺ യാത്രക്കാർ സഞ്ചരിച്ചതായി അധികൃതർ. ക്ലസ്റ്റർ 2 എയർപോർട്സ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിമാനത്താവളം വഴിയുള്ള ആഭ്യന്തര-അന്തർദേശീയ സർവീസുകളിലാണ് ഇത്രയും വലിയ ജനപങ്കാളിത്തം രേഖപ്പെടുത്തിയത്.
ഈ കാലയളവിൽ വിമാനത്താവളം വഴി 13,000-ത്തിലധികം സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം, കെയ്റോ, ദുബൈ എന്നീ പ്രധാന അഞ്ച് നഗരങ്ങളിലേക്കാണ് ഇവിടെ നിന്നും സർവീസുകൾ ഉള്ളത്. പ്രമുഖ അഞ്ച് എയർലൈൻ കമ്പനികളാണ് യാത്രക്കാർക്കായി ഈ റൂട്ടുകളിൽ സേവനം നൽകുന്നത്.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ബിസിനസ് ക്ലാസ് യാത്രക്കാർക്കായുള്ള പ്രത്യേക ഹയ്യാക് ലോഞ്ച്, വൈവിധ്യമാർന്ന ഭക്ഷണ-പാനീയ ശാലകൾ, ബാങ്കിങ് സേവനങ്ങൾ, കാർ റെന്റൽ സൗകര്യങ്ങൾ എന്നിവ നജ്റാൻ എയർപോർട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് മില്യണിൽ താഴെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ, 2024-ൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം നജ്റാൻ എയർപോർട്ട് സ്വന്തമാക്കിയിരുന്നു. കൂടാതെ, എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിൽ നിന്നുള്ള കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റും, വിമാനത്താവള സുരക്ഷ, കാർബൺ ഉദ്വമനം കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകളും ഈ വിമാനത്താവളത്തിന് ലഭിച്ചിട്ടുണ്ട്.
