ലഖ്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച കേസിൽ അന്വേഷണം ഊർജിതമായി തുടരുന്നതിനിടെ, ട്രസ്റ്റിലെ ഭരണപരമായ വീഴ്ചകളെക്കുറിച്ചും ജീവനക്കാർ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ആരോപണം ഉന്നയിച്ച് മുൻ ജീവനക്കാരൻ. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത അനുയായിയും ഡ്രൈവറുമായ ടിന്നു യാദവ് ജീവനക്കാരെക്കൊണ്ട് നിർബന്ധപൂർവ്വം കാൽ തിരുമ്മിക്കുമായിരുന്നുവെന്നും ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ നിരന്തരം പീഡിപ്പിച്ചിരുന്നതായും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയതയാണ് റിപ്പോർട്ടുകൾ.
ക്ഷേത്രത്തിലെ നിയമനങ്ങളിലും ഭരണനിർവ്വഹണത്തിലും വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിരുന്നതായി മുൻ ജീവനക്കാരൻ വ്യക്തമാക്കുന്നു. സ്വാധീനമുള്ള വ്യക്തികളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷേത്രത്തിൽ ജോലി നൽകിയിരുന്നതെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികൾക്കായി എത്തുന്ന ചെറിയ കമ്പനികളിൽ നിന്ന് പോലും കമ്മീഷൻ കൈപ്പറ്റിയിരുന്നതായും ഇയാൾ ആരോപിച്ചു. മാനസിക പീഡനങ്ങളും അവഗണനകളും കാരണം നിരവധി ജീവനക്കാരാണ് ക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചമ്പത്ത് റായിക്കെതിരെ വ്യക്തിപരമായ പരാതികളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാണിക്കപ്പണം മോഷ്ടിച്ച കേസിൽ നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായ പ്രതികളെ ക്ഷേത്രത്തിന് സമീപത്തെ ചായക്കടയിൽ വെച്ച് പലപ്പോഴും കാണാറുണ്ടായിരുന്നുവെന്നും ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു. സിസിടിവി നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ബാത്റൂമുകളിൽ പണം ഒളിപ്പിച്ചുവെച്ചാണ് ഇവർ വൻതോതിൽ പണം തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണം ഇപ്പോൾ വാരണാസി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സെക്യൂരിറ്റി ഏജൻസിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലെ പണമിടപാടുകളും സുരക്ഷാ ചുമതലകളും കൈകാര്യം ചെയ്തിരുന്ന ഈ ഏജൻസിയുടെ പങ്കിനെക്കുറിച്ചാണ് പോലീസ് പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെ പോലീസ് ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പണം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചുമുള്ള വിവരങ്ങളാണ് ശേഖരിച്ചത്.ആരോപണങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിൽ, ക്ഷേത്രത്തിലെ ഭരണനിർവ്വഹണവും സാമ്പത്തിക കാര്യങ്ങളും കൂടുതൽ സുതാര്യമാക്കാൻ ട്രസ്റ്റ് പുതിയ നടപടികൾ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു റിട്ടയേർഡ് ഐഎഎസ് ഓഫീസറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. നിലവിലെ പ്രതിസന്ധി പരിഹരിക്കാനും ഭാവിയിൽ ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാനും ഭരണസംവിധാനത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
