ബംഗാളില്‍ മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് സംശയമെന്ന ടിഎംസി എംപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ആക്രമണം. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിലെ ഒരു റെസ്റ്റോറന്റിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഇരിക്കുകയായിരുന്ന മഹുവയ്ക്ക് നേരെ ഒരു സംഘം ആളുകൾ മുട്ടയെറിയുകയായിരുന്നു. അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.

ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ മഹുവ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് പുറത്ത് തടിച്ചുകൂടിയവര്‍ ജനൽച്ചില്ലുകളിലേക്ക് മുട്ടയെറിയുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രാദേശിക തൃണമൂൽ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം റെസ്റ്റോറന്റിനുള്ളിൽ ഇരുന്നാണ് മഹുവ മൊയ്ത്ര ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പൊലീസിനെ കാഴ്ചക്കാരാക്കിയാണ് ആക്രമണമെന്ന് മഹുവ വ്യക്തമാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച തൃണമൂൽ കോൺഗ്രസ് നേതൃത്വം ബിജെപി ഗുണ്ടകളാണ് പിന്നിലെന്ന് ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങളോട് ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ മേയിൽ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ സമാനമായ രീതിയിൽ മുട്ടയേറുൾപ്പെടെയുള്ള ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *