ലോകകപ്പ് വേദിയെ കണ്ണീരിലാഴ്ത്തി കോംഗോ പരിശീലകൻ

ന്യൂയോര്‍ക്ക്: ലോകകപ്പിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (ഡിആര്‍ കോംഗോ) ഇംഗ്ലണ്ടിനെതിരെ വീരോചിത പോരാട്ടം നടത്തി പുറത്തായതിന് പിന്നാലെ പരിശീലകന്‍ സെബാസ്റ്റ്യൻ ഡെസാബ്രെയെ തേടിയെത്തിയത് മറ്റൊരു ദു:ഖ വാര്‍ത്ത. മത്സരശേഷം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ഡെസാബ്രെ തന്‍റെ പിതാവിന്‍റെ വിയോഗവാർത്ത തത്സമയം അറിയുന്ന നിമിഷത്തിനാണ് ലോകകപ്പ് പ്രസ് കോൺഫറൻസ് ഇന്നലെ സാക്ഷ്യം വഹിച്ചത്. മത്സരത്തിലെ തോൽവിയുടെ നിരാശയിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തികഞ്ഞ സംയമനത്തോടെ മറുപടി നൽകുകയായിരുന്നു ഡെസാബ്രെ. എന്നാൽ വാർത്താസമ്മേളനത്തിന്‍റെ അവസാന നിമിഷങ്ങളിൽ കോംഗോ ടീമിന്‍റെ പ്രസ് ഓഫീസർ മൈക്കിലൂടെ ഫ്രഞ്ച് ഭാഷയിൽ ആ ദൗർഭാഗ്യകരമായ പ്രഖ്യാപനം നടത്തി. എല്ലാവർക്കും നന്ദി, എന്നാൽ ഞങ്ങൾക്ക് ഒരു കാര്യം അറിയിക്കാനുണ്ട്. നമ്മുടെ കോച്ചിന്‍റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു.

ഈ വാക്കുകൾ കേട്ട് ഏതാനും നിമിഷങ്ങൾ ഡെസാബ്രെ പൂർണ്ണമായും സ്തബ്ധനായി ഇരുന്നു. ക്യാമറകൾക്ക് മുന്നിൽ തന്‍റെ വികാരങ്ങൾ നിയന്ത്രിക്കാൻ പാടുപെട്ട ഡെസാബ്രെ, വിറയ്ക്കുന്ന ശബ്ദത്തോടെ നന്ദി എന്ന് മാത്രം പറഞ്ഞ് പെട്ടെന്ന് തന്നെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റുപോയി. വിവരമറിഞ്ഞയുടൻ തന്നെ ഡെസാബ്രെ നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *