പഞ്ചാബിൽ സ്ത്രീകളുടെ അക്കൗണ്ടുകളിൽ എത്തിയത് 3000 രൂപ; അഞ്ചാമത്തെ ഗ്യാരന്‍റിയും നടപ്പാക്കി എ.എ.പി സർക്കാർ

ചണ്ഡീഗഢ്: പഞ്ചാബിൽ അഞ്ചാമത്തെ ഗ്യാരന്‍റിയും നടപ്പാക്കി എഎപി സർക്കാർ. ‘മുഖ്യമന്ത്രി മാവൻ ധീയാൻ സത്കാർ യോജന’യുടെ ആദ്യ ഗഡു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി നൽകിയ അഞ്ച് പ്രധാന ഗ്യാരന്‍റികളിലെ ഏറ്റവും വലിയ വാഗ്ദാനമാണ് ഇതോടെ നടപ്പിലായിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ മൂന്ന് ഗഡുക്കൾ ഒരുമിച്ചാണ് സർക്കാർ ഇപ്പോൾ റിലീസ് ചെയ്തത്. ഇതനുസരിച്ച് പൊതുവിഭാഗത്തിലെ സ്ത്രീകൾക്ക് 3,000 രൂപയും, പട്ടികജാതി വിഭാഗത്തിൽപ്പെട്ട അർഹരായ സ്ത്രീകൾക്ക് 4,500 രൂപയും വീതം അക്കൗണ്ടുകളിൽ എത്തി.

അതേസമയം, പഞ്ചാബിലെ സ്ത്രീകളെ അഭിനന്ദിച്ചുകൊണ്ട് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ , 2022ൽ നൽകിയ അഞ്ച് വാഗ്ദാനങ്ങളും പൂർണ്ണമായി പാലിക്കാൻ സർക്കാരിന് കഴിഞ്ഞതായി എക്സിൽ കുറിച്ചു. ഇന്ന് പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിവസമാണ്. ജനങ്ങളുടെ പണം ഒരു രൂപ പോലും ചോരാതെ ജനങ്ങളിലേക്ക് തന്നെ ഭഗവന്ത് സിംഗ് മാൻ എത്തിക്കുന്നു. പഞ്ചാബ് ഇപ്പോൾ വികസനത്തിന്റെ പാതയിലാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ, തുക അക്കൗണ്ടുകളിലേക്ക് മാറുന്നതിന്‍റെ എസ്എംഎസ് അലർട്ടുകൾ സ്ത്രീകളുടെ മൊബൈലുകളിൽ എത്തിത്തുടങ്ങിയതായി മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പ്രഖ്യാപിച്ചു. “ഇനി മുതൽ ഈ സത്കാർ രാശി കൃത്യമായി സ്ത്രീകളിലേക്ക് എത്തും. കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാനും, വീട്ടുചെലവുകൾ നടത്താനും, വാങ്ങിയ കടങ്ങൾ വീട്ടാനും ഇത് സഹോദരിമാരെ സഹായിക്കും. ഈ തുക കിട്ടുമെന്ന ഉറപ്പിൽ മുൻകൂട്ടി കടം വാങ്ങിയ പല സ്ത്രീകളുടെയും വീഡിയോകൾ തനിക്ക് ലഭിച്ചിരുന്നു. ആ വാഗ്ദാനമാണ് ഇന്ന് പൂർത്തീകരിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം സാധാരണ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപയും പട്ടികജാതി വിഭാഗത്തിലെ സ്ത്രീകൾക്ക് 1,500 രൂപയുമാണ് ലഭിക്കുക. 1,000 രൂപയോ 1,500 രൂപയോ കൊണ്ട് സ്ത്രീകൾക്ക് എന്ത് ചെയ്യാനാകുമെന്ന് ചോദിച്ച പ്രതിപക്ഷ പാർട്ടികളെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു:

“ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർ ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടില്ലാത്തവരാണ്. അവർക്കിത് ചെറിയ തുകയായിരിക്കാം, എന്നാൽ ചായപ്പൊടി വാങ്ങാൻ 5 രൂപ മാറ്റിവെക്കുമ്പോൾ പോലും കൃത്യമായി കണക്കുകൂട്ടുന്ന സാധാരണ കുടുംബങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. ഒരു വീട്ടിൽ അർഹരായ മൂന്ന് സ്ത്രീകളുണ്ടെങ്കിൽ 9,000 രൂപയാണ് ഇപ്പോൾ ഒരുമിച്ച് അക്കൗണ്ടിൽ വരുന്നത്.”

ഈ പദ്ധതി ഒരിക്കലും നിർത്തിവെക്കില്ലെന്നും മുടങ്ങാതെ തുക സ്ത്രീകളിൽ എത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. പണത്തിന് വേണ്ടി സ്ത്രീകൾ ഇനി ഭർത്താക്കന്മാരെയോ ആൺമക്കളെയോ ആശ്രയിക്കേണ്ടതില്ലെന്നും അവരുടെ അന്തസും ആത്മാഭിമാനവും സംരക്ഷിക്കാനാണ് ഈ പദ്ധതിക്ക് ‘മാവൻ ധീയാൻ സത്കാർ യോജന’ (അമ്മമാരുടെയും മക്കളുടെയും ആദരവിനായുള്ള പദ്ധതി) എന്ന് പേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുപണം സ്കൂളുകൾ, ആശുപത്രികൾ, സൗജന്യ വൈദ്യുതി, കനാൽ ജലം എന്നിവയിലൂടെ നേരിട്ട് ജനങ്ങളിലേക്ക് തന്നെ തിരിച്ചെത്തിക്കുക എന്നതാണ് എഎപിയുടെ നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പണം അക്കൗണ്ടിൽ വന്നതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ അദ്ദേഹം സ്ത്രീകളോട് ആവശ്യപ്പെട്ടു. ഈ പദ്ധതി ഒരിക്കലും നടപ്പിലാകില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാക്കൾക്കുള്ള കൃത്യമായ മറുപടി ഗുണഭോക്താക്കൾ തന്നെ ഇതിലൂടെ നൽകുമെന്നും മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *