ന്യൂഡൽഹി: ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയ കുടുംബാരോഗ്യ സർവേയുടെ ആറാം പതിപ്പ് പുറത്തിറക്കി കേന്ദ്രം. 2023-’24 കാലത്തെ സർവേയാണ് പുറത്തുവിട്ടത്. മാതൃ-ശിശു ആരോഗ്യം, പോഷകാഹാര ലഭ്യത, മറ്റ് സാമൂഹ്യവികസന സൂചികകൾ എന്നിവയിൽ പുരോഗതിയുണ്ടെന്ന് സർവേയിൽ വ്യക്തമാക്കി. എന്നാൽ, നിർണായക സൂചികകളായ ജനനനിരക്കിലെ ലിംഗാനുപാതം, ശുചിത്വപുരോഗതി , പാചകവാതക ഉപയോഗം, ശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക്, കുടുംബാസൂത്രണത്തിലെ മികവ് എന്നിവ സർവേയിൽ നിന്നൊഴിവാക്കി. ഇത് യഥാർഥ സാമൂഹ്യ, ആരോഗ്യസൂചികകളുടെ ചിത്രം മറച്ചുെവക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണെന്ന് വിമർശനമുയർന്നു. അനീമിയ ബാധിതരുടെ കണക്കെടുപ്പും ഒഴിവാക്കി. അതേസമയം, കേരളം എല്ലാ സൂചികകളിലും മുന്നിലാണ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് ആണ് സർവേ നടത്തുന്നത്. 715 ജില്ലകളിലെ 6.79 ലക്ഷം കുടുംബങ്ങളിലാണ് സർവേ നടന്നത്.
