റിയാദ്: സൗദി അറേബ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത പ്രവാസി തൊഴിലാളികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലധികമായ തൊഴിലാളികളെ തൊഴിലുടമയുടെ റെക്കോർഡുകളിൽ നിന്ന് ജൂലൈ ഒന്ന് മുതൽ ഔദ്യോഗികമായി നീക്കം ചെയ്യും. മന്ത്രാലയത്തിന് കീഴിലുള്ള ‘ക്വിവ’ (Qiwa) പ്ലാറ്റ്‌ഫോം വഴിയാണ് ഈ നടപടികൾ ആരംഭിക്കുന്നത്. സ്റ്റാറ്റസ് നിയമാനുസൃതമാക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ, അതല്ലെങ്കിൽ സ്പോൺസർഷിപ്പ് മാറ്റുന്നതിനോ ഉള്ള അവസാന തീയതി നാളെ (ജൂൺ 30 ചൊവ്വാഴ്ച) ആണ്. ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിൽ കൂടുതലായാൽ, അവരെ അതത് തൊഴിൽ സ്ഥാപനത്തിെൻറ റെക്കോർഡുകളിൽ നിന്ന് സിസ്റ്റം സ്വയമേവ നീക്കം ചെയ്യുമെന്ന് ‘ക്വിവ’ വിശദീകരിച്ചു. ഇത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നതോടെ ഫലത്തിൽ പ്രവാസി തൊഴിലാളി ‘ഹുറൂബ്’ (തൊഴിലുടമയിൽ നിന്ന് നിയമവിരുദ്ധമായി ഒളിച്ചോടി) എന്ന അവസ്ഥയിലാകും.
പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി
